ന്യൂഡൽഹി: ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ ബാർഡിന്റെ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. ഇത്തവണ പുതിയ അപ്ഗ്രേഡാണ് പുറത്തിറക്കിയിരിക്കുന്നത്. നിർദ്ദേശങ്ങൾ നൽകിയാൽ ചിത്രങ്ങൾ തയ്യാറാക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറുകൾ അടങ്ങുന്നതാണ് ഏറ്റവും പുതിയ അപ്ഗ്രേഡ്. ഇതിനോടൊപ്പം ബാർഡിന്റെ വിവിധ ഭാഷകളിലുള്ള മറുപടികളുടെ വസ്തുത പരിശോധിക്കാനും സാധിക്കുന്നതാണ്.
പുതിയ അപ്ഗ്രേഡിലെ എടുത്തുപറയേണ്ട ഫീച്ചറുകളിൽ ഒന്നാണ് ഇമേജ് ജനറേഷൻ. ഉപഭോക്താക്കൾ നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് ചിത്രങ്ങൾ നിർമ്മിച്ചെടുക്കാൻ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഇമേജൻ 2 എന്ന എഐ മോഡലാണ് ഉന്നത ഗുണമേന്മയുള്ളതും, ഫോട്ടോ റിയലിസ്റ്റിക് ചിത്രങ്ങളും ആവശ്യാനുസരണം നിർമ്മിക്കാനായി ബാർഡിൽ ഉപയോഗിക്കുന്നത്. ഈ ഫീച്ചറിന്‍റെ ദുരുപയോഗം തടയുന്നതിനായുള്ള സാങ്കേതിക സംവിധാനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അക്രമാസക്തവും, അശ്ലീലം നിറഞ്ഞതുമായ ഉള്ളടക്കങ്ങൾ ഉള്ള നിർദ്ദേശങ്ങൾ പൂർണ്ണമായും അവഗണിക്കുന്നതാണ്. ചിത്രങ്ങൾ ജനറേറ്റ് ചെയ്യുന്നതിൽ ഗുണമേന്മയും വേഗവും ഒരുപോലെ നൽകാൻ ഇമേജൻ 2 മോഡലിന് സാധിക്കുമെന്ന് ഇതിനോടകം ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഗൂഗിളിന്റെ ജനറേറ്റീവ് ഭാഷ മോഡലായ ജെമനി പ്രോയുടെ കഴിവുകൾ ഇപ്പോൾ 40-ലധികം ഭാഷകളിൽ ലഭ്യമാണ്.