ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടുവീഴുന്നു! സമഗ്ര ഡാറ്റാബേസ് ഉടൻ, പുതിയ പദ്ധതിയുമായി കേന്ദ്രം 


ന്യൂഡൽഹി: പൗരന്മാരെ വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷിക്കാൻ സമഗ്ര ഡാറ്റാബേസ് തയ്യാറാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സൈബർ തട്ടിപ്പുകൾ, ഫിഷിംഗ്, സ്മിഷിംഗ് എന്നിവയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നിന്നുള്ള യുആർഎൽ, ഫോൺ നമ്പറുകൾ, ടെലഗ്രാം കോൺടാക്ടുകൾ, ഇമെയിൽ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ഡാറ്റബേസാണ് തയ്യാറാക്കുക. സൈബർ കുറ്റകൃത്യങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാൻ ഈ ഡാറ്റാബേസിന് കഴിയുമെന്നാണ് വിലയിരുത്തൽ. കൂടാതെ, സൈബർ ഭീഷണികൾ തിരിച്ചറിയാനും, ഉടനടി പരിഹരിക്കാനും ഈ വിവരശേഖരണത്തിലൂടെ സാധ്യമാകും.

ഡാറ്റാബേസ് പ്രവർത്തന സജ്ജമാകുന്നതോടെ ഇന്റഗ്രേറ്റഡ് സൈബർ ക്രൈം കോർഡിനേഷൻ സെന്റർ വെബ്സൈറ്റ് ഉപയോഗിച്ച് കോൺടാക്ട്, യുആർഎൽ, ഇമെയിൽ ഐഡി എന്നിവയുടെയെല്ലാം നിയമസാധുത പരിശോധിക്കാൻ പൊതുജനങ്ങൾക്ക് കഴിയുന്നതാണ്. കൂടാതെ, ഉപഭോക്താക്കൾ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ,  തട്ടിപ്പിന് ഉപയോഗിച്ച വെബ്സൈറ്റ്, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, യുപിഐ ഐഡി, സോഷ്യൽ മീഡിയ അക്കൗണ്ട് എന്നീ വിവരങ്ങളും നൽകാവുന്നതാണ്. പരാതിക്കാർ നൽകുന്ന ഈ വിവരങ്ങൾ ഡിസ്പോസിറ്ററിയിൽ രേഖപ്പെടുത്തും. അതേസമയം, പരാതിക്കാർ ചില ഘട്ടങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകാൻ ഇടയുള്ളതിനാൽ അവയും പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ്.