ഗൂഗിൾ ക്രോം ബ്രൗസർ ഉപഭോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഗൂഗിൾ. ഇത്തവണ പുതിയൊരു സുരക്ഷാ ഭീഷണിയാണ് ഗൂഗിൾ ക്രോം നേരിടുന്നത്. ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുകയാണെങ്കിൽ സൈബർ ആക്രമണങ്ങൾക്ക് വരെ വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാൽ, മാക്ഒഎസ്, വിൻഡോസ്, ലിനക്സ് എന്നിവയിലുള്ള ക്രോം ബ്രൗസറുകൾ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
ഗൂഗിൾ അടുത്തിടെ സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കിയിരുന്നു. CVE-2023-6345 എന്ന കേടുപാടുകൾക്ക് എതിരെയുള്ള അപ്ഡേറ്റാണ് ഗൂഗിൾ പുറത്തുവിട്ടത്. ഈ അപ്ഡേഷൻ ഉപയോഗിക്കാത്ത ഡിവൈസുകൾ സൈബർ ആക്രമണത്തിന് വിധേയമായേക്കാം. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾ ഉടൻ തന്നെ ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് CVE-2023-6345 എന്ന അപകടത്തെക്കുറിച്ച് ഗൂഗിൾ മുന്നറിയിപ്പ് നൽകിയത്. എന്നാൽ, ഇവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗൂഗിൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മാക്, ലിനക്സ് എന്നിവയ്ക്കുള്ള 119.0.6045.199 വേർഷനിലും വിൻഡോസിലെ 119.0.6045.199/.200 വേർഷനിലുമാണ് ഈ പ്രശ്നം ബാധിക്കുക. അതിനാൽ, ഇവർ ക്രോം അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഗൂഗിൾ വ്യക്തമാക്കി. അതേസമയം, അജ്ഞാത സോഴ്സുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മെസേജുകൾ, ഇ-മെയിലുകൾ എന്നിവ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും ഫിഷിംഗ് മെയിലുകൾ വഴിയാണ് സൈബർ തട്ടിപ്പുകൾ നടക്കാറുള്ളത്.