കാത്തിരിപ്പുകൾക്കൊടുവിൽ ചാനലിൽ ആ ഫീച്ചറും എത്തി, ആശയവിനിമയം ഇനി കൂടുതൽ സുഗമമാകും


മാസങ്ങൾക്കു മുമ്പ് വാട്സ്ആപ്പ് അവതരിപ്പിച്ച അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നായ ചാനലിൽ പുതിയ അപ്ഡേറ്റുകൾ എത്തി. അഡ്മിന്മാർക്ക് സ്റ്റിക്കറുകൾ പങ്കുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, പോസ്റ്റുകൾക്കൊപ്പം അഡ്മിന്മാർക്ക് ആവശ്യമുള്ള സ്റ്റിക്കറുകളും ഷെയർ ചെയ്യാൻ സാധിക്കും. നിലവിൽ, ഐഒഎസ് പ്ലാറ്റ്ഫോമിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പുതിയ അപ്ഡേറ്റിൽ ഈ ഫീച്ചർ ഉൾപ്പെടുത്തുന്നതോടെ മുഴുവൻ ചാനൽ അഡ്മിന്മാർക്കും സ്റ്റിക്കറുകൾ പങ്കുവെക്കാൻ സാധിക്കുന്നതാണ്.

പ്രമുഖരുടെ പോസ്റ്റുകളും വീഡിയോകളും കാണാൻ ഉപഭോക്താവിനെ സഹായിക്കുന്നതാണ് ചാനൽ. നമ്പർ വെളിപ്പെടുത്താതെ തന്നെ ചാനൽ സബ്സ്ക്രിപ്ഷൻ ലഭിക്കുമെന്നതിനാൽ, ഉപഭോക്താക്കളുടെ സ്വകാര്യതയെ ഇവ ഒരുതരത്തിലും ബാധിക്കുകയില്ല. ചാനൽ ഫീച്ചറിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിന്റെ ഭാഗമായാണ് അഡ്മിന്മാർക്ക് സ്റ്റിക്കറുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനും നൽകുന്നത്. ഇതിലൂടെ ഉപഭോക്താക്കളുമായുള്ള ആശയവിനിമയം കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തൽ. ഇമോഷൻസ്, എക്സ്പ്രഷൻസ് എന്നിവ കൃത്യമായി ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിലുള്ള സ്റ്റിക്കറുകൾക്കാണ് രൂപം നൽകുക.