ജാപ്പനീസ് തീരത്ത് അപൂർവ്വ ഇനത്തിലുള്ള ജെല്ലി ഫിഷിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. 240 ടെന്റക്കിളുകൾ ഉള്ള പ്രത്യേക സ്പീഷീസിലുള്ള ജെല്ലി ഫിഷിനെയാണ് തീരത്ത് കണ്ടെത്തിയത്. ‘സാന്റ്ജോർഡിയ പേജസി’ അഥവാ സെന്റ് ജോർജ് ക്രോസ് മെഡൂസ ജെല്ലി ഫിഷ് എന്നാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത്. 2002ലും സമാന ഇനത്തിൽപ്പെട്ട ജെല്ലി ഫിഷിനെ കണ്ടെത്തിയിരുന്നു. അന്ന് ജപ്പാനിലെ ഒരു അന്തർ സമുദ്ര അഗ്നിപർവ്വത ഗർത്തത്തിന് സമീപമായാണ് ഇവയെ കണ്ടെത്തിയത്.
4 ഇഞ്ച് വീതിയും 3 ഇഞ്ച് ഉയരവുമാണ് ഈ ജെല്ലി ഫിഷിന് ഉള്ളത്. വൃത്താകൃതിയിലുള്ള ശരീരമുള്ള ഈ ജെല്ലി ഫിഷിന്റെ വയറിന്റെ ഭാഗം കടും ചുവപ്പ് നിറത്തിലാണ് കാണപ്പെടുന്നത്. കൂടാതെ, ജെല്ലി ഫിഷിന്റെ സുതാര്യമായ ശരീരത്തിൽ കട്ടിയുള്ള വെളുത്ത വളയവും, സിര പോലെയുള്ള ഘടനയും കാണാവുന്നതാണ്. ടോക്കിയോയിൽ നിന്നും 600 മൈൽ അകലെ തെക്ക് കിഴക്കായി ഒഗസവാര ദ്വീപുകൾക്ക് സമീപമുള്ള സുമിസു കാൽഡെറയിൽ സമുദ്രോപരിതലത്തിൽ നിന്നും 2,700 മുതൽ 2,800 അടി വരെ താഴ്ചയിലാണ് പ്രത്യേക ഇനത്തിൽപ്പെട്ട ഈ ജെല്ലി ഫിഷുകളെ കണ്ടെത്തിയത്. അതേസമയം, ഇവയുടെ വിഷം എത്രത്തോളം തീവ്രമായിരിക്കുമെന്ന് ഇതുവരെ വ്യക്തതയില്ല.