സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഇനി ചാറ്റ് വിൻഡോയിലും! പുതിയ ഫീച്ചറിന്റെ പണിപ്പുരയിൽ വാട്സ്ആപ്പ്


ഓരോ ദിവസം കഴിയുംതോറും ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ ഉപഭോക്താക്കൾ പങ്കുവെക്കുന്ന സ്റ്റാറ്റസ് അപ്ഡേറ്റിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ചാറ്റ് വിൻഡോയിൽ തന്നെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ കാണാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചറിന്റെ രൂപകൽപ്പന. നിലവിൽ, ആൻഡ്രോയിഡ് വി2.23.25.11 ബീറ്റാ വേർഷനിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ പങ്കുവെച്ച സ്റ്റാറ്റസ് അപ്ഡേറ്റുകൾ കോൺടാക്ട് നെയിമിന് താഴെയാണ് കാണപ്പെടുക.

കോൺവർസേഷൻ വിൻഡോയിൽ നേരത്തെ സ്റ്റാറ്റസ് കാണാൻ സാധിക്കുമായിരുന്നില്ല. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു ഫീച്ചറിന് വാട്സ്ആപ്പ് രൂപം നൽകുന്നത്. നേരത്തെ സ്റ്റാറ്റസ് ബാറിലോ, അല്ലെങ്കിൽ ഒരാളുടെ പ്രൊഫൈൽ തുറന്നാലോ മാത്രമാണ് അയാൾ പങ്കുവെച്ച സ്റ്റാറ്റസ് കാണാൻ സാധിക്കുകയുള്ളൂ. ഭാവിയിൽ വാട്സ്ആപ്പ് പുറത്തിറക്കുന്ന അപ്ഡേറ്റുകളിൽ ഈ ഫീച്ചർ ലഭ്യമായേക്കും എന്നാണ് സൂചന. നിലവിൽ, ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. ഐഒഎസ് ഉപകരണങ്ങളിൽ എപ്പോൾ എത്തുമെന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ വാട്സ്ആപ്പ് പുറത്തുവിട്ടിട്ടില്ല.