വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹോണറിന്‍റെ ഏറ്റവും പുതിയ സീരീസായ ഹോണർ 100 സീരീസ് എത്തി. ചൈനയിൽ വച്ച് നടന്ന ഇവന്റിലാണ് ഹോണർ 100 സീരീസ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്. ഹോണർ 100, ഹോണർ 100 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവ ഇന്ത്യൻ വിപണിയിൽ എപ്പോൾ പുറത്തിറങ്ങുമെന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഹോണർ 100 സീരീസിലെ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
ഹോണർ 100-ൽ 6.7 ഇഞ്ച് 1.5കെ റെസലൂഷൻ ഒഎൽഇഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 100 പ്രോ വേരിയന്റ് 6.78 ഇഞ്ച് കർവ്ഡ് ഒഎൽഇഡി ഡിസ്പ്ലേയുമായാണ് എത്തുന്നത്. രണ്ട് മോഡലിനും 2600 നിറ്റ്സ് ബ്രൈറ്റ്നസ് ലഭ്യമാണ്. അഡ്രിനോ 720 ജിപിയു ഉള്ള സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് ഹോണർ 100 മോഡലിൽ നൽകിയിരിക്കുന്നത്. അഡ്രിനോ 740 ജിപിയുവുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ആണ് 100 പ്രോ മോഡലിൽ ഉള്ളത്.
50MP സോണി IMX906 പ്രൈമറി സെൻസർ, 12MP 112° അൾട്രാ വൈഡ് ആംഗിൾ മാക്രോ ലെൻസ് എന്നിവ അടങ്ങുന്നതാണ് ഹോണർ 100-ന്റെ ഡ്യുവൽ റിയർ ക്യാമറ മൊഡ്യൂൾ. സെൽഫികൾക്കായി, 50MP ഫ്രണ്ട് ക്യാമറയും ഹോണർ ഇതിൽ നൽകിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. 50MP Sony IMX906 പ്രൈമറി സെൻസർ, 12MP 112° അൾട്രാ-വൈഡ്-ആംഗിൾ മാക്രോ ലെൻസ്, 32MP 50x ടെലിഫോട്ടോ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ലെൻസ് എന്നിവയാണ് ഹോണർ 100 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളിൽ ഉള്ളത്. ഈ മോഡലിലും ഫ്രണ്ട് ക്യാമറ 50MP തന്നെയാണ്.
12 ജിബി + 256 ജിബി, 16 ജിബി+ 256 ജിബി, 16 ജിബി+ 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഹോണർ 100 ലഭ്യമാകുക. അതേസമയം, 100 പ്രോ മോഡലിൽ നാല് ഓപ്ഷനുകൾ ലഭിക്കും. 12 ജിബി+ 256 ജിബി, 16 ജിബി+ 256 ജിബി, 16 ജിബി+ 512 ജിബി, 16 ജിബി+ 1 ജിബി എന്നിവയാണ് സ്റ്റോറേജ് വേരിയന്റുകൾ.