നെറ്റ്ഫ്ലിക്സ് ആക്സസ് ഫ്രീയായി നേടാം! ജിയോയ്ക്ക് പിന്നാലെ കിടിലൻ പ്ലാനുമായി എയർടെൽ


ഒടിടി പ്ലാറ്റ്ഫോമുകൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി ഭാരതി എയർടെൽ. നെറ്റ്ഫ്ലിക്സ് ആക്സസ് സൗജന്യമായി നേടാൻ കഴിയുന്ന പുതിയൊരു പ്ലാനാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ് എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ നെറ്റ്ഫ്ലിക്സ് ആക്സസ് ഉൾപ്പെടുത്തുന്നത്. നേരത്തെ ജിയോയും സമാനമായ രീതിയിൽ ഒടിടി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാൻ അവതരിപ്പിച്ചിരുന്നു. എയർടെലിന്റെ പുതിയ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

നെറ്റ്ഫ്ലിക്സ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഉപഭോക്താക്കൾ 1,499 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്.  ഈ പ്ലാനിന് കീഴിൽ പ്രതിദിനം 3 ജിബി ഡാറ്റയും, 100 എസ്എംഎസും സൗജന്യമായി ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിംഗ് സംവിധാനവും ലഭ്യമാണ്. 84 ദിവസമാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. അടിസ്ഥാന ആനുകൂല്യങ്ങൾക്ക് പുറമേ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും ലഭ്യമാണ്. അതേസമയം, 199 രൂപ നിരക്കിൽ നെറ്റ്ഫ്ലിക്സ് ലഭ്യമാകുന്ന മൊബൈൽ പ്ലാനും എയർടെൽ പുറത്തിറക്കിയിട്ടുണ്ട്. 199 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ ലാപ്ടോപ്പിലും സ്മാർട്ട്ഫോണിലും മാത്രമാണ് നെറ്റ്ഫ്ലിക്സ് ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. ഇവ ലാപ്ടോപ്പ്, ടിവി എന്നിവയിൽ സപ്പോർട്ട് ചെയ്യില്ല. ലാപ്ടോപ്പ്, ടിവി തുടങ്ങിയവയിൽ നെറ്റ്ഫ്ലിക്സ് ആസ്വദിക്കാൻ 1,499 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്.