രാജ്യത്ത് ആദ്യമായി മ്യൂസിക് ഫ്രോഗിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. അരുണാചൽ പ്രദേശിലെ നോവ-ഹിദിങ് നദിയിലാണ് മ്യൂസിക് ഫ്രോഗുകളുടെ ഇനത്തിൽപ്പെട്ട പ്രത്യേക തവളയെ കണ്ടെത്തിയത്. ശരീര പ്രകൃതം, വലിപ്പം, ശബ്ദം എന്നീ ഘടകങ്ങളാണ് മറ്റ് തവളകളിൽ നിന്നും മ്യൂസിക് ഫ്രോഗിനെ വ്യത്യസ്തമാക്കുന്നത്. സാധാരണയായി ചതുപ്പ് നിലങ്ങൾ, തടാകം, കുളം എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ് ഇവ കാണപ്പെടാറുള്ളത്.
നോവ-ദിഹിങ് നദിയിൽ നിന്നും കണ്ടെത്തിയതിനാൽ ഇവയ്ക്ക് നോവ-ദിഹിങ് മ്യൂസിക് ഫ്രോഗ് എന്നാണ് പേര് നൽകിയിരിക്കുന്നത്. അരുണാചൽ പ്രദേശിലെ ചാങ്‌ലാങ്, രോഹിത് ജില്ലകളിൽ ഫീൽഡ് സർവ്വേ നടത്തിയ ഗവേഷകരാണ് പ്രത്യേക ഇനത്തിൽപ്പെട്ട ഈ തവളകളെ ആദ്യമായി കണ്ടെത്തുന്നത്. മൂന്ന് ആൺ തവളകളെയും, രണ്ട് പെൺ തവളകളെയുമാണ് ഇത്തവണ കണ്ടെത്തിയിരിക്കുന്നത്.
വളരെ വ്യത്യസ്തമായ ശബ്ദമാണ് ഈ ഇനത്തിൽപ്പെട്ട തവളകൾ പുറപ്പെടുവിക്കാറുള്ളത്. കൂടാതെ, സാമാന്യം വലിയ കണ്ണുകളാണ് ഇവയുടെ പ്രധാന ആകർഷണീയത. സ്വർണ നിറത്തിലുള്ള വളയങ്ങളാണ് കൃഷ്ണമണിക്ക് ചുറ്റുമായിട്ടുള്ളത്. സാധാരണയായി മ്യൂസിക് ഫ്രോഗുകൾ ജപ്പാൻ, തായ്‌ലൻഡ്, തായ്‌വാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലാണ് കാണപ്പെടാറുള്ളത്.