ശതകോടീശ്വരനും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്കിന്റെ ജൂതവിരുദ്ധ പോസ്റ്റ് വിവാദമാകുന്നു. എക്സിലെ ജൂതവിരുദ്ധ പോസ്റ്റിന് താഴെ അനുകൂലിക്കുന്ന തരത്തിൽ മസ്ക് ട്വീറ്റ് പങ്കുവെച്ചതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഉപഭോക്താക്കൾ ഒന്നടങ്കം വിഷയം ഏറ്റെടുത്തതോടെ മസ്കിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. കൂടാതെ, ചില പരസ്യ ദാതാക്കൾ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
ജൂതന്മാർ വെള്ളക്കാരോട് ‘വൈരുദ്ധ്യാത്മക വിദ്വേഷം’ പുലർത്തുന്നുവെന്ന ഉള്ളടക്കമുള്ള പോസ്റ്റിനു താഴെയാണ് മസ്ക് അനുകൂല നിലപാട് രേഖപ്പെടുത്തിയത്. ‘നിങ്ങൾ പറഞ്ഞതാണ് യഥാർത്ഥ ശരി’ എന്നാണ് മസ്ക് പോസ്റ്റിനു താഴെ ട്വീറ്റ് ചെയ്തത്. എന്നാൽ, നിമിഷങ്ങൾക്കകം ഈ ട്വീറ്റ് ചർച്ച ചെയ്യപ്പെടുകയായിരുന്നു. പിന്നാലെ വൈറ്റ് ഹൗസിൽ നിന്നും ടെസ്‌ല, എക്സ് എന്നിവയിലെ നിക്ഷേപകരിൽ നിന്നും വലിയ പ്രതിഷേധത്തിന് ഇടയാക്കി.
മസ്ക് ജൂതവിരുദ്ധനാണെന്ന തരത്തിലുള്ള പ്രചാരമാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയായി മാറിയിരിക്കുന്നത്. എന്നാൽ, ഇതിനെതിരെ മസ്കും രംഗത്തെത്തിയിട്ടുണ്ട്. തന്നെക്കുറിച്ച് തെറ്റായ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോപിച്ചാണ് രംഗത്തെത്തിയത്. താൻ ജൂതവിരുദ്ധനല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മീഡിയ മാറ്റേഴ്സ് ഫോർ അമേരിക്കക്കെതിരെ മസ്ക് പരാതി നൽകി.