വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും തട്ടിപ്പ്! ലിങ്ക് ക്ലിക്ക് ചെയ്ത മുൻ ഐബി ഉദ്യോഗസ്ഥന് നഷ്ടമായത് ലക്ഷങ്ങൾ


വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വിവിധ ഇലക്ട്രിസിറ്റി ബോർഡുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ നിർമ്മിച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളിൽ നിന്നും പണം തട്ടുന്നത്. ഇപ്പോഴിതാ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ പേരിലാണ് സംഘം തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇതോടെ, വൈദ്യുതി ബിൽ അടയ്ക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന് 7.5 ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈ സ്വദേശിയായ രഘുനാഥ് കരംബേൽക്കർ എന്ന 72-കാരനാണ് തട്ടിപ്പിന് ഇരയായത്. മുൻ മാസങ്ങളിലെ ബില്ലുകൾ കുടിശ്ശികയായിട്ടുണ്ടെന്നും, അവ ഉടനടി അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നുളള വ്യാജ സന്ദേശമാണ് രഘുനാഥിന് ലഭിച്ചത്.

എല്ലാ മാസത്തെയും ബില്ല് കൃത്യമായി അടച്ചിട്ടുണ്ടെന്നും, കുടിശ്ശിക ഇല്ലെന്നും രഘുനാഥ് പറഞ്ഞിരുന്നു. എന്നാൽ, രേഖകൾ പരിശോധിച്ച് വ്യക്തമാക്കാനായി ഒരു ലിങ്ക് അയക്കുമെന്നും, അതിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണമെന്നുമാണ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്. വാട്സ്ആപ്പ് മുഖാന്തരം ലഭിച്ച വ്യാജ ലിങ്ക് ഓപ്പൺ ചെയ്തതോടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയും, അദ്ദേഹം അത് രേഖപ്പെടുത്തുകയുമായിരുന്നു.

വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തിയതോടെ നിമിഷങ്ങൾക്കകമാണ് അക്കൗണ്ടിൽ നിന്നും 7.5 ലക്ഷം രൂപയോളം നഷ്ടമായത്. തുടർന്ന് രഘുനാഥ് തട്ടിപ്പ് മനസ്സിലാക്കുകയും, പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് സംഘം രഘുനാഥനെ വിളിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്