വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ഉപഭോക്താക്കളാണോ? പുതുതായി എത്തുന്ന ഈ കിടിലൻ ഫീച്ചറുകൾ അറിഞ്ഞോളൂ


മൊബൈൽ പതിപ്പിനും ഡെസ്ക്ടോപ്പ് പതിപ്പിനും വേണ്ടി വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഡെസ്ക്ടോപ്പ് ഉപഭോക്താക്കൾക്കായി കിടിലൻ ടെക്സ്റ്റ് ഫോർമാറ്റിംഗ് ടൂളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോഡ് ബ്ലോക്കിംഗ്, ടെക്സ്റ്റ് ലിസ്റ്റ് തയ്യാറാക്കൽ, പ്രത്യേക വാചകങ്ങൾ ഉദ്ധരിക്കൽ തുടങ്ങി വിവിധ സേവനങ്ങളെ സപ്പോർട്ട് ചെയ്യുന്ന തരത്തിലാണ് പുതിയ ടൂർ പ്രവർത്തിക്കുക. മെസേജിംഗ് കൂടുതൽ കാര്യക്ഷമമാക്കി, ഉപഭോക്തൃ സൗഹൃദം മെച്ചപ്പെടുത്താനാണ് പുതിയ ടൂളിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. ഡെസ്ക്ടോപ്പ് പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഫീച്ചർ മൊബൈൽ പതിപ്പിൽ ഉടൻ അവതരിപ്പിക്കുമോ എന്നത് സംബന്ധിച്ച വിവരങ്ങൾ വാട്സ്ആപ്പ് പുറത്തുവിട്ടിട്ടില്ല.

ടെക്സ്റ്റ് മെസേജിൽ പുതിയ സ്റ്റൈൽ ഫോർമാറ്റ് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ് ഇത്തരം ടൂളുകൾ പ്രധാനമായി ഉപയോഗിക്കുന്നത്. എന്നാൽ, കോഡ് ബ്ലോക്ക് ഫീച്ചർ വരുന്നതോടെ, എല്ലാ ഉപഭോക്താക്കൾക്കും കോഡുകൾ ഷെയർ ചെയ്യാൻ കഴിയും. കൂടാതെ, പ്രധാനപ്പെട്ട സന്ദേശങ്ങൾ ഹൈലൈറ്റ് ചെയ്ത് അയക്കാനും കഴിയുന്നതാണ്. മുൻ സന്ദേശങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ സഹായിക്കുന്നതാണ് ക്വാട്ട് ബ്ലോക്ക് ഓപ്ഷൻ. സ്വന്തമായി ക്വാട്ട് ബ്ലോക്ക് തയ്യാറാക്കി പ്രതികരിക്കാൻ കഴിയുന്ന വിധമാണ് ക്രമീകരണം.