‘രണ്ട് മണിക്കൂറിനകം മൊബൈൽ കണക്ഷൻ റദ്ദ് ചെയ്യും’! ഈ സന്ദേശം നിങ്ങളുടെ ഫോണിലും വന്നോ? മുന്നറിയിപ്പുമായി കേന്ദ്രം
രാജ്യത്തെ മൊബൈൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് എത്തിയതായി കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിലാണ് ഫോൺ കോളുകൾ എത്തുക. രണ്ട് മണിക്കൂറിനകം നിങ്ങളുടെ മൊബൈൽ കണക്ഷൻ കേന്ദ്ര ടെലികോം മന്ത്രാലയം റദ്ദ് ചെയ്യുമെന്ന ഉള്ളടക്കത്തോടെയാണ് തട്ടിപ്പ് സന്ദേശം ഉപഭോക്താക്കളിലേക്ക് എത്തുന്നത്. അതിനാൽ, ഇത്തരം സന്ദേശങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വ്യാജ സന്ദേശം വിശ്വസിക്കാൻ സാധ്യതയുള്ള ആളുകൾ പലരും മൊബൈൽ കണക്ഷൻ റദ്ദാവുമെന്ന് പേടിച്ച് തട്ടിപ്പുകാർ ആവശ്യപ്പെടുന്നതുപോലെ ചെയ്യാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മുഴുവൻ ഉപഭോക്താക്കൾക്കും കേന്ദ്ര ടെലികോം വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രാജ്യത്തെ ടെലികോം സംബന്ധമായ നയങ്ങളും പദ്ധതികളും, നിയമപരമായ ചട്ടക്കൂടുകളും രൂപീകരിക്കുന്ന ഒരു സർക്കാർ വകുപ്പായ കേന്ദ്ര ടെലികോം വകുപ്പ് ഒരിക്കലും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുകയില്ലെന്നും, കണക്ഷൻ റദ്ദ് ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ കൈമാറുകയില്ലെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ, ഇത്തരം തട്ടിപ്പുകളോട് പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ട് വ്യക്തിഗത വിവരങ്ങൾ ഒരിക്കലും നൽകാൻ പാടുള്ളതല്ല.
സംശയാസ്പദമായ തരത്തിൽ കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് നാഷണൽ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിനെ അറിയിക്കാവുന്നതാണ്. കൂടാതെ, വ്യാജ സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് സർവീസ് ദാതാക്കളുമായി ബന്ധപ്പെട്ട് നിജസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്. യാതൊരു കാരണവശാലും ഇത്തരം സന്ദേശങ്ങളോട് നേരിട്ട് പ്രതികരിക്കാനോ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ/ ഒടിപി എന്നിവ കൈമാറാനോ പാടുള്ളതല്ല.