യുവതലമുറ ഏറ്റവും ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകളും ഇൻസ്റ്റഗ്രാം പുറത്തിറക്കാറുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച പുതിയൊരു ഫീച്ചറാണ് ഇപ്പോൾ ഉപഭോക്താക്കൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. റീലുകളിൽ പാട്ടിനോടൊപ്പം വരികളും ഉൾപ്പെടുത്താനുള്ള ഫീച്ചറാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് തന്നെ ഈ ഫീച്ചർ ഉപഭോക്താക്കൾ ഏറ്റെടുത്തിട്ടുണ്ട്.
മുൻപ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മാത്രമാണ് പാട്ടിനോടൊപ്പം വരികൾ ഉൾപ്പെടുത്താൻ സാധിച്ചിരുന്നത്. പുതിയ അപ്ഡേറ്റിൽ റീലുകൾക്കൊപ്പവും ഇനി അനായാസം വരികൾ കൂട്ടിച്ചേർക്കാനാകും. കൂടാതെ, ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം അക്ഷരങ്ങളുടെ നിറവും, ഡിസൈനും, വലിപ്പവും, സ്ഥാനവും പോസ്റ്റിന് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. എന്നാൽ, മിക്ക ഉപഭോക്താക്കൾക്കും റീലുകളിലേക്ക് വരികൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട് സംശയമുണ്ടാകാം. ഇൻസ്റ്റഗ്രാം റീലുകളിലേക്ക് വരികൾ ചേർക്കുന്നത് എങ്ങനെയെന്ന് നോക്കാം.
- ഇൻസ്റ്റഗ്രാം ആപ്പിൽ സ്ക്രീനിന് താഴെ കാണുന്ന റീൽസ് ഐക്കണിൽ ടാപ്പ് ചെയ്യുക.
- തുറന്നുവരുന്ന സ്ക്രീന് മുകളിലുള്ള മ്യൂസിക് ഐക്കണിൽ ടാപ്പ് ചെയ്ത്, ലൈബ്രറിയിൽ നിന്നോ നിങ്ങളുടെ സ്വന്തം ശബ്ദത്തിൽ നിന്നോ ഒരു ഗാനം തിരഞ്ഞെടുക്കുക.
- സ്ക്രീനിന് ചുവടെയുള്ള ലിറിക്സ് ഐക്കണിൽ ടാപ്പ് ചെയ്ത്, അക്ഷരങ്ങൾക്കായുള്ള ഫോണ്ടും നിറവും തിരഞ്ഞെടുക്കുക.
- സ്ക്രീനിൽ ആവശ്യമുള്ള സ്ഥലത്തേക്ക് അക്ഷരങ്ങൾ നീക്കുക.
- ഉപഭോക്താക്കൾക്ക് ആവശ്യമുള്ള വരികളുടെ ഭാഗം തിരഞ്ഞെടുക്കാൻ സ്ലൈഡർ ഉപയോഗിക്കാവുന്നതാണ്.
- തുടർന്ന് ഡൺ ബട്ടണിൽ ടാപ്പ് ചെയ്ത് റീലുകൾ പങ്കുവെയ്ക്കാവുന്നതാണ്.