ആറ് മാസം വാലിഡിറ്റി, അതും കുറഞ്ഞ നിരക്കിൽ! കിടിലൻ പ്രീപെയ്ഡ് പ്ലാനുമായി വോഡഫോൺ- ഐഡിയ


കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റിയും ആനുകൂല്യങ്ങളും ഉള്ള പ്ലാനുകൾ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ദീർഘകാല വാലിഡിറ്റി നൽകുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ടെലികോം സേവന ദാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾക്ക് താരതമ്യേന ഉയർന്ന നിരക്കുകളാണ് ഈടാക്കാറുള്ളത്. ഇത്തവണ ബഡ്ജറ്റ് നിരക്കിൽ ഉള്ളതും, ആറ് മാസത്തെ വാലിഡിറ്റി നൽകുന്നതുമായ പുതിയൊരു പ്ലാനാണ് വോഡഫോൺ-ഐഡിയ പുറത്തിറക്കിയിരിക്കുന്നത്. 180 ദിവസം വരെ വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാനുകളെ കുറിച്ച് അറിയാം.

ആറ് മാസം ഉള്ള പ്ലാൻ നേടുന്നതിനായി 949 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. ഈ പ്രീപെയ്ഡ് പ്ലാനിന് കീഴിൽ അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 എസ്എംഎസ്, 12 ജിബി ഡാറ്റ എന്നിവയാണ് ലഭിക്കുക. 12 ജിബി ഡാറ്റ മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി ആകെ ലഭിക്കുന്ന ഡാറ്റയാണ്. ഈ വാലിഡിറ്റി കാലയളവിനുള്ളിൽ ഒരു ദിവസം കൊണ്ടോ, മുഴുവൻ വാലിഡിറ്റി കാലയളവുമായോ ഈ പ്ലാനിൽ ലഭിക്കുന്ന 12 ജിബി ഡാറ്റ ഉപയോഗിക്കാവുന്നതാണ്. ഈ പരിധി അവസാനിച്ചാൽ ഉപഭോക്താക്കൾക്ക് ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാനാകും. കോളുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് ഈ പ്ലാൻ ഏറെ ഉപകാരപ്രദമായിരിക്കും.