ഉപയോഗശൂന്യമായ ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ: അക്കൗണ്ട് നിലനിർത്താൻ ഇക്കാര്യങ്ങൾ വേഗം ചെയ്തോളൂ..
ഉപയോഗിക്കാതെ കിടക്കുന്ന ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഒരുങ്ങി ഗൂഗിൾ. അക്കൗണ്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുൻപ് തന്നെ ഉപഭോക്താക്കൾക്ക് ഗൂഗിൾ സൂചന നൽകിയിരുന്നു. ഇപ്പോഴിതാ ഉപയോഗശൂന്യമായി കിടക്കുന്ന അക്കൗണ്ടുകളെ കുറിച്ച് പുതിയൊരു അറിയിപ്പ് കൂടി പങ്കുവെച്ചിരിക്കുകയാണ് ഗൂഗിൾ. മാസങ്ങളോളം ഉപയോഗശൂന്യമായ ജിമെയിൽ അക്കൗണ്ടുകൾ ഈ വർഷം ഡിസംബർ മുതൽ നീക്കം ചെയ്യാനാണ് ഗൂഗിളിന്റെ തീരുമാനം. കഴിഞ്ഞ മെയ് മാസം പുതുക്കിയ ഗൂഗിൾ അക്കൗണ്ടുകളുടെ ഇനാക്ടിവിറ്റി പോളിസിക്ക് കീഴിലാണ് പുതിയ നടപടി. ഏറ്റവും ചുരുങ്ങിയത് രണ്ട് വർഷക്കാലം സൈൻ ഇൻ ചെയ്യാത്തതോ, ഉപയോഗിക്കാത്തതോ ആയ അക്കൗണ്ടുകളാണ് ഡിസംബർ മുതൽ ഗൂഗിൾ നീക്കം ചെയ്ത് തുടങ്ങുക.
ജിമെയിൽ അക്കൗണ്ടിന് പുറമേ, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ അക്കൗണ്ടുകളും നീക്കം ചെയ്യുന്നവയിൽ ഉൾപ്പെടും. പേഴ്സണൽ ഗൂഗിൾ അക്കൗണ്ടുകളെയാണ് ഈ നടപടി ബാധിക്കുക. അതേസമയം, സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ജിമെയിൽ അക്കൗണ്ടുകൾക്ക് ഇത് ബാധകമല്ല. വർഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് നീക്കം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഗൂഗിൾ എത്തിയത്. ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകൾ ചെയ്യുക.
അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ജിമെയിലിലേക്ക് ഗൂഗിൾ സന്ദേശം അയച്ചിട്ടുണ്ട്. അതിനാൽ, വർഷങ്ങളോളം അക്കൗണ്ട് ഉപയോഗിക്കാത്ത ആളുകളാണ് നിങ്ങളെങ്കിൽ, അവർ ഡിലീറ്റ് ചെയ്യപ്പെടാതിരിക്കാൻ വീണ്ടും ലോഗിൻ ചെയ്യാവുന്നതാണ്. ഇതേ അക്കൗണ്ടുകൾ ഉപയോഗിച്ച് ഗൂഗിളിന്റെ മറ്റ് സേവനങ്ങളും പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക. ഇതോടെ, അക്കൗണ്ട് സജീവമാണെന്ന് പരിഗണിക്കുകയും, ഡിലീറ്റ് ചെയ്യുന്ന നടപടിയിൽ നിന്ന് അക്കൗണ്ടിനെ ഒഴിവാക്കുകയും ചെയ്യുന്നതാണ്.