വാണിജ്യാവശ്യങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സ്ഥാപനത്തിന്റെയോ സേവനത്തിന്റെയോ വാണിജ്യപരമായ സന്ദേശങ്ങൾ കൈമാറുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് മുൻകൂർ അനുമതി നേടണമെന്നാണ് ട്രായിയുടെ നിർദ്ദേശം. വോയിസ് കോളുകൾ, എസ്എംഎസ് തുടങ്ങിയവയ്ക്കെല്ലാം അനുമതി ബാധകമാണ്. അതിനാൽ, മുഴുവൻ ടെലികോം സേവന ദാതാക്കളും, സ്ഥാപനങ്ങളും ഉപഭോക്താക്കളിൽ നിന്നും നിർബന്ധമായും അനുമതി വാങ്ങേണ്ടതാണ്.
കേന്ദ്രസർക്കാറിന്റെ ഏറ്റവും പുതിയ നിർദ്ദേശാനുസരണം, ടെലികോം കമ്പനികൾ ഉടൻ തന്നെ പുതിയ ഡിജിറ്റൽ കൺസന്റ് അക്വിസിഷൻ നടപ്പാക്കേണ്ടതുണ്ട്. ഇത് പ്രാബല്യത്തിലാകുന്നതോടെയാണ് ഉപഭോക്താവിന്റെ അനുമതി നിർബന്ധമാക്കുന്നത്. കൂടാതെ, മുൻപ് വാങ്ങിയ അനുമതികളെല്ലാം ഇതോടെ അസാധുവാകുന്നതാണ്. ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ തന്നെയാണ് ഉപഭോക്താവിൽ നിന്ന് അനുമതി വാങ്ങേണ്ടത്.
അൺസോളിസിറ്റഡ് കൊമേഴ്സ്യൽ കമ്മ്യൂണിക്കേഷൻസ് അഥവാ ഉപഭോക്താക്കൾ ആവശ്യപ്പെടാതെയുള്ള വാണിജ്യ സന്ദേശങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇത്തരത്തിലുള്ള സന്ദേശങ്ങൾക്ക് പിന്നിൽ വലിയ രീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, ഉപഭോക്താക്കളിൽ നിന്ന് ഡിജിറ്റലായി അനുമതി നേടാൻ ഒരു ഏകീകൃത പ്ലാറ്റ്ഫോമും, നടപടിക്രമങ്ങളും ഉടൻ തന്നെ ആരംഭിക്കണമെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ ട്രായ് നിർദ്ദേശം നൽകിയിട്ടുണ്ട്.