ഗ്രോക്ക് ചാറ്റ്ബോട്ടിനെ കളിയാക്കി സാം ആൾട്മാന്റെ വൈറൽ പോസ്റ്റ്! മസ്കിന്റെ മറുപടി ഉടൻ എത്തുമെന്ന് ആരാധകർ
കഴിഞ്ഞ ആഴ്ചയിൽ ഇലോൺ മസ്ക് അവതരിപ്പിച്ച എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനെ പരിഹസിച്ച് സാം ആൾട്മാൻ. ‘ചോദ്യങ്ങൾക്ക് തമാശയിൽ മറുപടി പറയുന്ന ചാറ്റ്ബോട്ട്’ എന്നാണ് മസ്കിന്റെ ഗ്രോക്കിനെ സാം ആൾട്മാൻ കളിയാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച എക്സ് പോസ്റ്റും സാം ആൾട്മാൻ പങ്കുവെച്ചിട്ടുണ്ട്. ഗ്രോക്കിനെ പരിഹസിച്ച ആൾട്മാന്റെ പോസ്റ്റിന് ചുരുങ്ങിയ കാലയളവിനുള്ളിൽ ആയിരക്കണക്കിന് ലൈക്കാണ് ലഭിച്ചത്. ഇതോടെ, സംഭവം ടെക് ലോകത്ത് ഏറെ ചർച്ചാവിഷയമായിട്ടുണ്ട്.
ആൾട്മാന്റെ പരിഹാസത്തിനെതിരെ ഇതുവരെ എക്സ് മേധാവി ഇലോൺ മസ്ക് ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. എന്നാൽ, പരിഹാസത്തിനുള്ള മറുപടി ഉടൻ ഉണ്ടായേക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എഐയുടെ സഹസ്ഥാപകനും, മുൻ സിഇഒയുമായിരുന്നു ഇലോൺ മസ്ക്. എന്നാൽ, ബോർഡ് അംഗങ്ങളുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് സിഇഒ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
എക്സ് എഐ എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ച പുതിയ ലാർജ് ലാംഗ്വേജ് ജനറേറ്റീവ് എഐ മോഡലാണ് ഗ്രോക്ക്. നിലവിൽ, തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. ഗ്രോക്ക് അവതരിപ്പിക്കുന്ന വേളയിൽ, അതുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടും മസ്ക് പങ്കുവെച്ചിരുന്നു. അതേസമയം, സമൂഹത്തിന് വിപത്തുകൾ സൃഷ്ടിക്കുന്ന ചോദ്യങ്ങൾക്ക് ഗ്രോക്ക് മറുപടി പറയില്ലെന്ന് മസ്ക് വ്യക്തമാക്കിയിട്ടുണ്ട്.