പച്ച നിറത്തിൽ തിളക്കമുള്ള പ്രഭാവലയം! ഭൂമിയ്ക്ക് മുകളിലെ അതിമനോഹര ചിത്രങ്ങൾ പങ്കുവെച്ച് നാസ


മനോഹരമായ ബഹിരാകാശ ചിത്രങ്ങൾ പങ്കുവെച്ച് നാസ പലപ്പോഴും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആകർഷകമായ അറോറയുടെ ചിത്രമാണ് നാസ പങ്കുവെച്ചിരിക്കുന്നത്. ഭൂമിയുടെ ധ്രുവ മേഖലകളിലുടനീളം രാത്രികാലങ്ങളിൽ ദൃശ്യമാകുന്ന പ്രകാശത്തെയാണ് ധ്രുവദീപ്തി അഥവാ അറോറ എന്ന് വിശേഷിപ്പിക്കുന്നത്. അമേരിക്കൻ സംസ്ഥാനമായ യൂട്ടായുടെ മുകളിലൂടെ സഞ്ചരിക്കവെയാണ് രാത്രികാലങ്ങളിൽ കാണപ്പെടുന്ന ഈ ദൃശ്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും നാസ പകർത്തിയത്.

ഭൂമിയ്ക്ക് മുകളിൽ പച്ചനിറത്തിലുള്ള ഒരു പ്രഭാവലയം പോലെയാണ് അറോറ ദൃശ്യമായിട്ടുള്ളത്. സൂര്യന്റെ ഉപരിതലത്തിലെ സൗര കൊടുങ്കാറ്റുകൾ മൂലം ഉണ്ടാകുന്ന ഒരു അന്തരീക്ഷ പ്രതിഭാസമാണ് അറോറയെന്ന് നാസ പങ്കുവെച്ച പോസ്റ്റിനോടൊപ്പം കുറിച്ചിട്ടുണ്ട്. സൂര്യനിൽ നിന്നുളള ചാർജ് ഉള്ള കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് സാധാരണയായി അറോറ ദൃശ്യമാകാറുള്ളത്. അന്തരീക്ഷത്തിലേക്ക് കടക്കുന്ന ഈ കണങ്ങൾ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ച് ഫോട്ടോണുകൾ പുറത്തുവിടുന്നു. പച്ചയ്ക്ക് പുറമേ, ചില വേളകളിൽ ചുവപ്പ് നിറത്തിലും അറോറ പ്രത്യക്ഷപ്പെടാറുണ്ട്.