ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് നേരെ ഹാക്കർമാരുടെ സൈബർ ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ഉപഭോക്താക്കൾ തടസ്സം നേരിടുന്നുണ്ട്. ചാറ്റ്ജിപിടിയിൽ അസാധാരണമായ ഒരു ട്രാഫിക് രൂപപ്പെട്ടതിനെ തുടർന്നാണ് ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭിക്കാതിരുന്നത്. എന്നാൽ, ഈ പ്രവൃത്തിക്ക് പിന്നിൽ ഹാക്കർമാരാണെന്ന് ചാറ്റ്ജിപിടിയുടെ കമ്പനിയായ ഓപ്പൺഎഐ വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് നേരിട്ട പ്രയാസത്തിൽ ഓപ്പൺഎഐ മേധാവി സാം ആൾട്മാൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ചാറ്റ്ജിപിടിയുടെ പ്രവർത്തനം തടസ്സപ്പെട്ടതിന് പിന്നിൽ ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് അഥവാ, ഡിഡോസ് അറ്റാക്ക് ആണെന്ന് ഓപ്പൺഎഐ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റുകളിലേക്ക് കൃത്രിമമായി വലിയ ട്രാഫിക്കുകൾ സൃഷ്ടിച്ച്, വെബ്സൈറ്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സൈബർ ആക്രമണമാണ് ഡിഡോസ് ആക്രമണം. ചാറ്റ്ബോട്ടുകൾ നിർമ്മിക്കുന്നതിനായി ഡെവലപ്പർമാർക്ക് നൽകിയ ടൂളുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റിലൂടെ ഈ തടസ്സത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് കമ്പനി.