ആഴ്ചയിൽ മൂന്നു ദിവസം ജോലിക്കായി ഓഫീസിൽ വരണം; ലംഘിക്കുന്നവർക്കെതിരെ നടപടിയെന്ന് വിപ്രോ


സോഫ്റ്റ്‍വെയർ സ്ഥാപനമായ വിപ്രോ നവംബർ 15 മുതൽ ഹൈബ്രിഡ് വർക്ക് പോളിസി കർശനമാക്കുന്നു. ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ എത്തണമെന്നാണ് വിപ്രോ അറിയിച്ചിരിക്കുന്നത്. ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളും ജീവനക്കാരോട് കൂടുതൽ ദിവസം ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു.

“നവംബർ 15 മുതൽ, എല്ലാ ജീവനക്കാരും എല്ലാ ആഴ്ചയിലും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസിൽ ഹാജരാകണം. ടീം വർക്ക് മെച്ചപ്പെടുത്താനും അന്യോന്യം ഉള്ള ആശയവിനിമയം എളുപ്പമാക്കാനും വിപ്രോയുടെ ജോലി സംസ്കാരം ശക്തിപ്പെടുത്താനുമാണ് ഈ മാറ്റം ” വിപ്രോയുടെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു.

പുതിയ തീരുമാനം ടീമം​ഗങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുമെന്നും പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് ഉടനടി പരിഹരിക്കാൻ സാധിക്കുമെന്നും ടീം ബിൽഡിങ്ങ്, സഹകരണം മനോഭാവം എന്നിവ വളർത്തിയെടുക്കുമെന്നും സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും മെയിലിൽ പറയുന്നു.

രാജ്യം, ഓരോ രാജ്യത്തിലെയും നിയമങ്ങൾ, കരാറുകൾ എന്നിവയെല്ലാം അടിസ്ഥാനമാക്കി പുതിയ നിയമത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. ചില യൂറോപ്യൻ രാജ്യങ്ങൾ ഇക്കാര്യത്തിൽ ജീവനക്കാരോട് കൂടിയാലോചനകൾ നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Also read: വരവിനേക്കാൾ കൂടുതലാണോ ചെലവ്? സ്വത്ത് സമ്പാദിക്കാനുള്ള നുറുങ്ങുവഴികൾ ഇതാ

പുതിയ ഹൈബ്രിഡ് പോളിസി ലംഘിക്കുന്നവർ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വിപ്രോ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ”ഞങ്ങളുടെ സ്ഥാപനത്തിന്റെ വിജയത്തിനും വളർച്ചയ്ക്കും കൂട്ടായ സഹകരണവും ഉത്തരവാദിത്തം അനിവാര്യമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു”, ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞു.

പുതിയ ഹൈബ്രിഡ് പോളിസി ലംഘിക്കുന്നവരോട് മാനേജർമാർക്കും മേലുദ്യോ​ഗസ്ഥർക്കും വിശ്വാസ്യത നഷ്ടപ്പെടുമെന്നും ഇത് അവരുടെ പ്രകടനത്തെയും ജോലിയുടെ നിലവാരത്തെയും ബാധിക്കുമെന്നും സമ്മർദം വർധിക്കുമെന്നും, ഇത് കൂടുതൽ പ്രശ്നങ്ങളും, ടീമുകൾക്കുള്ളിൽ അസംതൃപ്തി സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു. ഇത്തരം സാഹചര്യങ്ങൾ തങ്ങൾ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും വിപ്രോ കൂട്ടിച്ചേർത്തു.

ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ വിപ്രോ താരതമ്യേന കുറഞ്ഞ വളർച്ചയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ലാഭവും വരുമാനവും ഈ കാലയളവിൽ കുറയുകയാണ് ഉണ്ടായത്.

Summary: Wipro makes Work from Home mandatory, hybrid work policy tightened