ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് 67 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ഗൂഗിൾ സോഫ്റ്റ്‌വെയർ എൻജിനീയർ


ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിച്ചതിലൂടെ തനിക്ക് ഏകദേശം 67 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തി ഗൂഗിളിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ നിന്നുള്ള ഏഥൻ എൻഗൂൺലി എന്ന 22 കാരനാണ് ലക്ഷങ്ങൾ നഷ്ടമായത്. യുവാവ് കടം വാങ്ങിയ പണം ഉപയോഗിച്ചാണ് ക്രിപ്‌റ്റോയിൽ നിക്ഷേപം നടത്തിയതെന്നാണ് റിപ്പോർട്ട്.

അതേസമയം, ഏഥൻ കൗമാരത്തിൽ തന്നെ മാതാപിതാക്കളുടെ സഹായത്തോടെ ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിച്ചിരുന്നു. എന്നാൽ അതിനെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിൽ ഒന്നായാണ് ഇയാൾ കണക്കാക്കുന്നത്. 2021 നവംബറിനും 2022 ജൂണിനുമിടയിൽ ഉള്ള കാലയളവിലാണ് ക്രിപ്‌റ്റോയിൽ തനിക്ക് 67 ലക്ഷം രൂപ നഷ്ടം സംഭവിച്ചതെന്നും യുവാവ് പറയുന്നു. നേരിട്ടുള്ള നിക്ഷേപത്തിലൂടെ 24 ലക്ഷം രൂപയും അല്ലാതെ 41 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.

Also read: Jio | ഐഫോണ്‍ 15 വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ ? പുതിയ ജിയോ ഉപഭോക്താക്കൾക്ക് കിടിലന്‍ ഓഫര്‍

ഇതിന് പുറമേ ബിറ്റ്‌കോയിനിലും എഥെറിയത്തിലും താൻ ഇതിനകം 33 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഏഥൻ വെളിപ്പെടുത്തി. കൂടാതെ ബിറ്റ്‌കോയിന്റെ വില ഇടിഞ്ഞതിനാൽ കടം വാങ്ങിയ ഏകദേശം 12 ലക്ഷം രൂപ ഉപയോഗിച്ച് കൂടുതൽ വാങ്ങാൻ യുവാവ് തീരുമാനിക്കുകയായിരുന്നു . കാരണം ബിറ്റ്‌കോയിന്റെ വില എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതിനാൽ തനിക്ക് ഏകദേശം 42 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുമെന്നായിരുന്നു ഇയാളുടെ പ്രതീക്ഷ. എന്നാൽ 2021 അവസാനത്തോടെ, ക്രിപ്‌റ്റോ വിപണിയിൽ അപ്രതീക്ഷിതമായ ഇടിവാണ് ഉണ്ടായത്. 2022 ൽ 70 ശതമാനത്തിലധികം ഇടിവ് ബിറ്റ്‌കോയിൻ നേരിട്ടു. ഇതാണ് യുവാവിന് വലിയ തിരിച്ചടിയായി മാറിയത്

അതേസമയം എനിക്ക് ആവശ്യമില്ലാത്ത കുറച്ച് പണം ഉപയോഗിച്ച് ഞാൻ നിക്ഷേപിക്കുകയായിരുന്നു പതിവെന്നും ക്രിപ്റ്റോ വിപണിയിൽ വന്ന അപ്രതീക്ഷിത മാറ്റം തനിക്ക് നഷ്ടമുണ്ടാക്കി എന്നും ഏഥൻ എൻഗൂൺലി വ്യക്തമാക്കി. എന്നാൽ ക്രിപ്റ്റോയിൽ നിക്ഷേപം നടത്തിയതിൽ അല്ല കടം വാങ്ങിയ പണം ഉപയോഗിച്ച് നിക്ഷേപിച്ചതിലാണ് ഖേദിക്കുന്നതെന്നും യുവാവ് പറയുന്നു.

കൂടാതെ ഇപ്പോഴും താൻ ക്രിപ്‌റ്റോ കറൻസികളിൽ വിശ്വസിക്കുന്നുണ്ടെന്നും എന്നിരുന്നാലും, ഈ ആൾട്ട്‌കോയിനുകൾ പലതും വളരെ അപകടസാധ്യതയുള്ളതാണെന്നും അതിനാൽ കടം വാങ്ങിയുള്ള നിക്ഷേപങ്ങൾ ഒഴിവാക്കുമെന്നും ഏഥൻ കൂട്ടിച്ചേർത്തു. ” നിങ്ങളുടെ കയ്യിലുള്ള പണം മാത്രം ഉപയോഗിച്ച് നിക്ഷേപിക്കുക, അല്ലാതെയുള്ള നിക്ഷേപങ്ങളിലേക്ക് പോകരുത്,” എന്നും ക്രിപ്റ്റോ നിക്ഷേപകരോടായി യുവാവ് പറഞ്ഞു.