ത്രീഡി പ്രിന്റിംഗിൽ ചരിത്രം കുറിച്ച് രാജ്യം, ആദ്യ ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഈ നഗരത്തിൽ പ്രവർത്തനമാരംഭിച്ചു


വളർന്നുവരുന്ന സാങ്കേതികവിദ്യയായ ത്രീഡി പ്രിന്റിംഗിൽ വീണ്ടും ചരിത്രം കുറിച്ച് രാജ്യം. ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ത്രീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ബെംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിൽ അൾസൂർ ബസാറിന് സമീപമാണ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

1,100 ചതുരശ്ര അടി വിസ്തീർണമാണ് പോസ്റ്റ് ഓഫീസിന് ഉള്ളത്. പോസ്റ്റ് ഓഫീസിനെ കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ആഗോളതലത്തിൽ വളരെയധികം ശ്രദ്ധ നേടിയ സാങ്കേതികവിദ്യയാണ് ത്രീഡി പ്രിന്റിംഗ്. വിവിധ മേഖലകളിൽ ഇന്ന് ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിനു മുൻപ് രാജ്യത്ത് ആദ്യമായി ത്രീഡി പ്രിന്റിംഗ് വീട് നിർമ്മിച്ചിട്ടുണ്ട്.