ഒടുവിൽ ട്വീറ്റ് ഡെക്കും റീബ്രാന്റ് ചെയ്ത് മസ്ക്, ഇനി അറിയപ്പെടുക ഈ പേരിൽ


ട്വിറ്ററിന്റെ സോഷ്യൽ മീഡിയ മാനേജ്മെന്റ് ഡാഷ് ബോർഡായിരുന്ന ട്വീറ്റ് ഡെക്ക് റീബ്രാൻഡ് ചെയ്ത് ഇലോൺ മാസ്ക്. റിപ്പോർട്ടുകൾ പ്രകാരം, ട്വീറ്റ് ഡെക്ക് ഇനി മുതൽ ‘എക്സ് പ്രോ’ എന്ന പേരിലാണ് അറിയപ്പെടുക. ട്വിറ്ററിനെ എക്സ് എന്ന പേരിൽ റീബ്രാന്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം. എക്സ് പ്രോ എന്ന് റീബ്രാന്റ് ചെയ്തതിനോടൊപ്പം എക്സ് പ്രോയുടെ സേവനങ്ങളും ഉപഭോക്താക്കൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഇനി മുതൽ എക്സ്പ്രോ സേവനങ്ങൾ പെയ്ഡ് ബ്ലൂ സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് മാത്രമാണ് ലഭിക്കുകയുള്ളൂ. ട്വീറ്റ് ഡെക്ക് വെബ്സൈറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ സബ്സ്ക്രിപ്ഷൻ എടുക്കാത്ത ഉപഭോക്താക്കളെ നേരെ എക്സ് ബ്ലൂ സബ്സ്ക്രിപ്ഷൻ പേജിലേക്ക് റീഡയറക്ട് ചെയ്യുന്നതാണ്. ഓൺലൈൻ മാധ്യമങ്ങൾക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യത നേടിയെടുത്ത സേവനമാണ് ട്വീറ്റ് ഡെക്ക്. അതിനാൽ, ട്വീറ്റ് ഡെക്ക് സേവനം ഇനി മുതൽ ഉപയോഗിക്കണമെങ്കിൽ മാധ്യമ സ്ഥാപനങ്ങളും സബ്സ്ക്രിപ്ഷൻ വേണ്ടിവരും. സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് അധിക ഫീച്ചറുകളും ലഭിക്കുന്നതാണ്. പ്രീമിയം ഉപഭോക്താക്കൾക്ക് ദൈർഘ്യമുള്ള വീഡിയോകൾ കാണും, പോസ്റ്റ് റാങ്കിംഗിൽ മുൻഗണന നേടാനും, റവന്യൂ ഷെയറിംഗ് ആനുകൂല്യങ്ങൾ സ്വന്തമാക്കാനും കഴിയും.