ആപ്പിളുമായുള്ള ബന്ധം ദൃഢമാക്കി ഇന്ത്യ, ഐഫോൺ 15 തമിഴ്നാട്ടിൽ നിർമ്മിക്കും


ആഗോള ടെക് ഭീമനായ ആപ്പിളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മാസം ആപ്പിൾ പുറത്തിറക്കാനിരിക്കുന്ന ഐഫോൺ 15 ഇന്ത്യയിൽ നിർമ്മിക്കുന്നതാണ്. ആപ്പിളിന്റെ ഹാർഡ്‌വെയർ നിർമ്മാണ പാർട്ണറായ ഫോക്സ്കോണാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. തമിഴ്നാട്ടിലെ ശ്രീപെരമ്പത്തൂരിലുളള പ്ലാന്റിലാണ് ഐഫോൺ 15 നിർമ്മിക്കുക. ഇന്ത്യയിൽ ഐഫോൺ നിർമ്മാണത്തിന്റെ അളവ് കൂട്ടുന്നതിന്റെ ഭാഗമായാണ് ഉൽപ്പാദനം വേഗത്തിലാക്കാൻ ഫോക്സ്കോൺ തീരുമാനിച്ചിരിക്കുന്നത്.

ഫോക്സ്കോണിന് പുറമേ, പെഗാട്രോണും, വിസ്ട്രോണും ഐഫോൺ 15-ന്റെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 12-നാണ് ഐഫോൺ 15-ന്റെ ഔദ്യോഗിക ലോഞ്ച്. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ആപ്പിൾ ഉൽപ്പന്നങ്ങൾ ചൈനയിലായിരുന്നു കൂടുതലായി നിർമ്മിച്ചത്. എന്നാൽ, ചൈനയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ വിള്ളൽ വന്നതോടെ ഇന്ത്യൻ വിപണിയിൽ ആപ്പിൾ ചുവടുകൾ ശക്തമാക്കുകയായിരുന്നു. അതേസമയം, ഹൈദരാബാദ് പ്ലാന്റിൽ ആപ്പിൾ വയർലെസ് ഇയർബഡ് എയർപോഡുകളുടെ ഉൽപ്പാദനം ആരംഭിക്കാൻ ഫോക്സ്കോൺ തീരുമാനിച്ചിട്ടുണ്ട്.