വാട്സ്ആപ്പ് ചാനലുകളിൽ പുതിയ അപ്ഡേഷൻ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം


ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി നിരവധി തരത്തിലുള്ള ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ ചാനലുകൾക്ക് വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചാനലുകളിലെ മെസേജുകൾ മറ്റ് ഉപഭോക്താക്കൾക്കും ഫോർവേഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് വികസിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താവുന്നതാണ്.

ചാനലുകളിലെ മെസേജ് ടാപ്പ് ചെയ്ത ശേഷം ഫോർവേഡ് ആക്ഷൻ തിരഞ്ഞെടുത്ത് നോക്കിയാൽ പുതിയ ഫീച്ചർ ലഭ്യമാണോ എന്ന് അറിയാൻ സാധിക്കും. ചാനലുകളിൽ നിന്നുള്ള മെസേജ് ഫോർവേഡ് ചെയ്യാൻ സഹായിക്കുന്നതിനോടൊപ്പം, പുതിയ ഫോളോവേഴ്സിനെ ലഭിക്കാൻ പ്രത്യേക സംവിധാനത്തിനും രൂപം നൽകിയിട്ടുണ്ട്. ഇതിനായി ഫോർവേഡ് ചെയ്യുന്ന സന്ദേശത്തിൽ ചാനലിലേക്കുള്ള ഒരു പുതിയ എൻട്രി പോയിന്റ് ഉൾപ്പെടുത്തിയാണ് പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഒരുപോലെ ഫോർവേഡ് മെസേജിംഗ് ഫീച്ചർ പ്രയോജനപ്പെടുത്താവുന്നതാണ്.