150 വർഷത്തിനിടയിലെ ഉയർന്ന ചൂട് അനുഭവപ്പെട്ടത് 2023-ലെ ഈ മാസത്തിൽ, റിപ്പോർട്ടുകൾ പുറത്തുവിട്ട് നാസ


ഒന്നര നൂറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട മാസത്തിന്റെ കണക്കുകൾ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. സമകാലീന ചരിത്രത്തിൽ ഏറ്റവും ചൂട് ഈ വർഷമാണ് രേഖപ്പെടുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ജൂലൈ മാസാണ് ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ മാസം. 1880 മുതലുള്ള വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാസയുടെ ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഈ അനുമാനത്തിൽ എത്തിയിട്ടുള്ളത്.

തെക്കെ അമേരിക്ക, വടക്കെ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രദേശങ്ങളിലും അന്റാർട്ടിക്കൻ ഉപദ്വീപിലുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ശരാശരി താപനിലയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് അധികമായി ഉയർന്നിരിക്കുന്നത്. ‘മുൻ വർഷങ്ങളിലെ ജൂലൈ മാസങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെട്ടിരുന്നില്ല. നാസയുടെ റെക്കോർഡിലെ ഏറ്റവും ചൂടേറിയ മാസമാണ് ഈ വർഷം ജൂലൈ. ഇത് അസാധാരണമാണ്. ശരാശരി താപനിലയിലെ വർദ്ധനവ് അപകടകരമായ കൊടും ചൂടിലേക്ക് നയിക്കും’, ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഗാവിൻ ഷ്മിഡ് വ്യക്തമാക്കി.