ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനെ തൊടാൻ ഇനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന ദിനങ്ങൾ. മൂന്നാമത്തെ ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയാക്കിയതോടെയാണ് പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുത്തത്. നിലവിൽ, ചന്ദ്രന്റെ 150 കിലോമീറ്റർ അടുത്തും, 177 കിലോമീറ്റർ അകലത്തും വരുന്ന ചെറിയ ഭ്രമണപഥത്തിലാണ് പേടകം സഞ്ചരിക്കുന്നത്. നാളെ രാവിലെ 8.00 മണിക്ക് നാലാമത്തെ ഭ്രമണപഥവും താഴ്ത്തുന്നതാണ്.
പതിനേഴാം തീയതിയാണ് പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് ലാൻഡറിനെ വേർപെടുത്തുക. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം മാത്രമാണ് ഇവ രണ്ടും വേർപെടുത്തുകയുള്ളൂ. എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയാൽ, ഓഗസ്റ്റ് 23-നാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിംഗ് നടക്കുക. തുടർന്ന് ലാൻഡറും, ലാൻഡറിനുള്ളിൽ നിന്ന് പുറത്തേക്ക് വരുന്ന റോവറും ചന്ദ്രനിൽ പര്യവേഷണം നടത്തും.