ഹൈബ്രിഡ് മോഡൽ ജോലി പിന്തുടരാനൊരുങ്ങി സൂം, കോവിഡിന് ശേഷം ഇതാദ്യം


കോവിഡ് മഹാമാരി വിട്ടകന്നതോടെ ഹൈബ്രിഡ് മോഡൽ ജോലി പിന്തുടരാനൊരുങ്ങി ഇന്റർനെറ്റ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളിലൊന്നായ സൂം. ലോക്ക്ഡൗൺ കാലത്ത് വലിയ രീതിയിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച പ്ലാറ്റ്ഫോം കൂടിയാണ് സൂം. ഗൂഗിൾ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് പോലും വെല്ലുവിളി സൃഷ്ടിക്കാൻ സൂമിന് കഴിഞ്ഞിരുന്നു. നിലവിൽ, ജീവനക്കാർ മുഴുവനും വർക്ക് ഫ്രം ജോലി അവസാനിപ്പിച്ച് ഓഫീസിലേക്ക് തിരികെ എത്തണമെന്നാണ് കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്.

കോവിഡ് കാലത്തിനുശേഷം ഇതാദ്യമായാണ് സൂം തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുന്നത്. ഹൈബ്രിഡ് രീതി ആയതിനാൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ജീവനക്കാർ ഓഫീസിലേക്ക് എത്തേണ്ടത്. കൂടാതെ, ജീവനക്കാർ ഓഫീസിലേക്ക് എളുപ്പത്തിൽ വരാൻ കഴിയുന്ന വിധമുള്ള ദൂരപരിധിയിൽ താമസിക്കണമെന്നും സൂം നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും, നൂതന ആശയങ്ങൾ നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. സൂമിന് പുറമേ, ആപ്പിൾ, ഇൻഫോസിസ്, ടിസിഎസ്, മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.