ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ന്റെ രണ്ടാമത്തെ ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി. നിലവിൽ, ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ് പേടകം സ്ഥിതി ചെയ്യുന്നത്. ഭ്രമണപഥം താഴ്ത്തുന്നതിലൂടെ ഓരോ ഘട്ടത്തിലും ചന്ദ്രയാൻ-3 ചന്ദ്രനോട് അടുക്കുകയാണ്. അടുത്ത ഘട്ട ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 14-നാണ് നടക്കുക. ഓഗസ്റ്റ് 14-ന് രാവിലെ 11.30-നും 12.30നും ഇടയിൽ മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തൽ നടക്കും. ഓഗസ്റ്റ് 6-നാണ് ഒന്നാം ഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയത്.
ജൂലൈ 14-ന് വിക്ഷേപിച്ച പേടകം ഓഗസ്റ്റ് 3-നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിയത്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിനുശേഷമാണ് പ്രൊപ്പൽഷൽ മോഡ്യൂളും, ലാൻഡറും തമ്മിൽ വേർപെടുത്തുക. ഓഗസ്റ്റ് 17-നാണ് ഈ നിർണായക ഘട്ടം നടക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ എത്തിയതിനുശേഷമായിരിക്കും സോഫ്റ്റ് ലാൻഡിംഗിനുള്ള നടപടികൾ ആരംഭിക്കുക. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിംഗ് ഓഗസ്റ്റ് 23-നാണ് നടക്കുക.