ആക്സിയം സ്പേസുമായി കരാറിൽ ഏർപ്പെട്ട് നാസ, ലക്ഷ്യം ഇതാണ്


ബഹിരാകാശ നിലയത്തിലേക്കുള്ള നാലാം സ്വകാര്യ ബഹിരാകാശ യാത്ര ദൗത്യത്തിനായി ആക്സിയം സ്പേസുമായി കരാറിൽ ഏർപ്പെട്ട് നാസ. റിപ്പോർട്ടുകൾ പ്രകാരം, എഎക്സ്-4 ദൗത്യത്തിന്റെ ഭാഗമായാണ് സംയുക്ത നീക്കം. 2024 ലാണ് എഎക്സ്-4 വിക്ഷേപിക്കുക. ഒന്നിലധികം കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ആക്സിയം മിഷൻ അഥവാ എഎക്സ്-4 വിക്ഷേപിക്കാൻ നാസ പദ്ധതിയിടുന്നത്. സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നാസയുടെ വാണിജ്യ ബഹിരാകാശ ഡയറക്ടറായ ഫിൽ മക്അലിസ്റ്റൺ പങ്കുവെച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസമാണ് എഎക്സ്-4 മിഷൻ തുടരുക. നാല് ക്രൂ അംഗങ്ങൾ ഉൾപ്പെടുന്നതാണ് എഎക്സ്-4 മിഷൻ. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ അംഗങ്ങൾക്കുള്ള പരിശീലനം ആരംഭിക്കുന്നതാണ്. നിലവിൽ, വിക്ഷേപണ തീയ്യതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നാസ പുറത്തുവിട്ടിട്ടില്ല. ആക്സിയം സ്പേസിന്‍റെ ആദ്യ ബഹിരാകാശ ദൗത്യം നടന്നത് 2022-ലാണ്. നാല് പേരടങ്ങുന്ന ക്രൂ അംഗങ്ങളെയാണ് ബഹിരാകാശത്ത് അന്ന് എത്തിച്ചത്. 17 ദിവസങ്ങൾക്ക് ശേഷമായിരുന്നു മടക്കം.