ഭാരത് നെറ്റ്: ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് സേവനം എത്തിക്കാനുളള അടുത്ത ഘട്ടം ഉടൻ, അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം


രാജ്യത്തെ ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള ഭാരത് നെറ്റിന്റെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കും. നിലവിൽ, പദ്ധതിക്കായി 1.39 ലക്ഷം കോടി രൂപ ചെലവഴിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്. രാജ്യത്തെ 6.4 ലക്ഷം ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കാനാണ് ഭാരത് നെറ്റ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ, പദ്ധതിക്ക് കീഴിൽ ഏകദേശം 1.94 ലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്.

രണ്ടര വർഷത്തിനുള്ളിൽ പദ്ധതിക്ക് കീഴിലുള്ള മുഴുവൻ ഗ്രാമങ്ങളെയും ഡിജിറ്റൽ കണക്ടിവിറ്റിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വിദൂര പ്രദേശങ്ങളിൽ പോലും ഇന്റർനെറ്റ് സൗകര്യം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. ഇവ യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്ത് 2.5 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ ഉപകമ്പനിയായ ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് ലിമിറ്റഡ് ഗ്രാമീണ തലത്തിലെ സംരംഭകരുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. അതിനാൽ, ബിഎസ്എൻഎല്ലിനും ഗ്രാമീണ സംരംഭങ്ങൾക്കും ഇടയിൽ 50 ശതമാനം വീതം വരുമാനം പങ്കിടാൻ കഴിയുന്നതാണ്.