ഷവോമിയുടെ മിഡ്റേഞ്ച് ഹാൻഡ്സെറ്റുകളുടെ വിഭാഗത്തിൽപ്പെടുന്ന ഷവോമി റെഡ്മി നോട്ട് 12 ടർബോ വിപണിയിൽ എത്താൻ ഇനി ബാക്കിയുള്ളത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, ഈ ഹാൻഡ്സെറ്റ് ഓഗസ്റ്റ് 8-ന് ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന. റെഡ്മി ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡൽ കൂടിയാണ് ഷവോമി റെഡ്മി നോട്ട് 12 ടർബോ. ഈ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.7 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 1080×2400 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 7 പ്ലസ് ജെൻ 2 ചിപ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 ആണ്. 181 ഗ്രാം മാത്രമാണ് ഈ ഹാൻഡ്സെറ്റിന്റെ ഭാരം.
ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് പിന്നിൽ ഉള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500 എംഎഎച്ച് ലിഥിയം- പോളിമർ ബാറ്ററിയാണ് ഉള്ളത്. നിലവിൽ, ഷവോമി റെഡ്മി നോട്ട് 12 ടർബോയുടെ കൃത്യമായ വില വിവരങ്ങൾ ലഭ്യമല്ലെങ്കിലും, 23,990 രൂപ പ്രതീക്ഷിക്കാവുന്നതാണ്.