രാജ്യത്ത് വ്യാജ സിം കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിനായി നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഒരു തിരിച്ചറിയൽ രേഖയിൽ നൽകുന്ന സിം കാർഡുകളുടെ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. നിലവിൽ, ഒരാൾക്ക് 9 സിം കാർഡുകൾ വരെയാണ് സ്വന്തം പേരിൽ ഉപയോഗിക്കാൻ സാധിക്കുക. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ, ഒരു തിരിച്ചറിയൽ രേഖയിൽ നാല് സിം കാർഡുകൾ മാത്രമാണ് ഉപയോഗിക്കാൻ കഴിയുകയുള്ളൂ.
ഏറ്റവും പുതിയ ടെലികോം പരിഷ്കാരങ്ങൾ അനുസരിച്ച്, സിം കാർഡുകൾ നൽകാൻ രേഖകളുടെ ഡിജിറ്റൽ പതിപ്പ് പരിശോധിച്ചുറപ്പിക്കേണ്ടതാണ്. കെവൈസി വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാതെ സിം കാർഡുകൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ക്രിമിനൽ നടപടി നേരിടേണ്ടി വരുന്നതാണ്. ഇതിനോടൊപ്പം തന്നെ 2 ലക്ഷം രൂപ പിഴ ചുമത്തുന്നതും പരിഗണനയിലുണ്ട്. നിലവിൽ, ജമ്മു കാശ്മീർ, മറ്റ് വടക്ക്- കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഒരാൾക്ക് പരമാവധി 6 സിം കാർഡുകൾ വരെയാണ് കൈവശം വയ്ക്കാൻ സാധിക്കുക. മറ്റ് സംസ്ഥാനങ്ങളിൽ 9 എണ്ണം വരെ ഉപയോഗിക്കാനാകും.