പൊതു ഇടങ്ങളിൽ നിന്ന് മൊബൈൽ ചാർജ് ചെയ്യുന്നവർ കരുതിയിരിക്കുക! ‘ജ്യൂസ് ജാക്കിംഗ്’വ്യാപകമാകുന്നു, മുന്നറിയിപ്പുമായി എഫ്ബിഐ

മൊബൈലിൽ ചാർജ് ഇല്ലെങ്കിൽ ആവശ്യ ഘട്ടങ്ങളിൽ പൊതു ഇടങ്ങളിലുളള ചാർജിംഗ് പോയിന്റുകളിൽ നിന്ന് ചാർജ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, പൊതു ഇടങ്ങളിലുള്ള ചാർജിംഗ് പോയിന്റുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ. ‘ജ്യൂസ് ജാക്കിംഗ്’ എന്ന തട്ടിപ്പ് വ്യാപകമായിട്ടുണ്ടെന്നാണ് എഫ്ബിഐ അറിയിച്ചിരിക്കുന്നത്. പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി ചാർജിംഗ് പോയിന്റുകൾ ഉപയോഗിക്കുന്നതിലൂടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനെയാണ് ജ്യൂസ് ജാക്കിംഗ് എന്ന് പറയുന്നത്.

വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലാണ് യുഎസ്ബി ചാർജിംഗ് പോർട്ടുകൾ കൂടുതലായി കാണപ്പെടുന്നത്. ഇത്തരം കേന്ദ്രങ്ങളിലെ യുഎസ്ബി ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നത് പൂർണമായും നിർത്തലാക്കണമെന്നാണ് എഫ്ബിഐ അറിയിച്ചിരിക്കുന്നത്. ഇത്തരം പോർട്ടുകൾ ഉപയോഗിക്കുമ്പോൾ ഉപഭോക്താവ് അറിയാതെ തന്നെ ഹാക്കർമാർ ഫോണുകളിലേക്ക് മാൽവെയർ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. ഇതിലൂടെയാണ് വ്യക്തിഗത വിവരങ്ങൾ അപഹരിക്കുന്നത്. കൂടാതെ, അക്കൗണ്ടുകളുടെ ആക്സസ് പൂർണമായും ഹാക്കർമാർക്ക് ലഭിക്കുന്നതിനും ഇത് കാരണമായേക്കും.