പുത്തൻ സവിശേഷതകളുമായി ഓണറിന്റെ മാജിക് 5 സീരീസ് അവതരിപ്പിച്ചു

പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓണർ ഏറ്റവും പുതിയ ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചു. ഇത്തവണ രണ്ട് ഹാൻഡ്സെറ്റുകൾ അടങ്ങിയ ഓണർ മാജിക് 5 സീരീസാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2023- ലാണ് പുതിയ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ കമ്പനി നടത്തിയത്. ഓണർ മാജിക് 5, ഓണർ മാജിക് 5 പ്രോ എന്നീ സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഓണർ അവതരിപ്പിക്കുന്ന ആദ്യത്തെ ഫോൾഡബിൾ ഹാൻഡ്സെറ്റ് എന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്.

ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഈ രണ്ട് ഹാൻഡ്സെറ്റുകളും ഇത്തവണ എത്തിയിരിക്കുന്നത്. ബ്ലാക്ക്, ഗ്ലെസിയർ ബ്ലൂ, മെഡോ ഗ്രീൻ, ഓറഞ്ച്, കോറൽ പർപ്പിൾ എന്നിങ്ങനെ അഞ്ച് കളർ വേരിയന്റിൽ ഓണർ മാജിക് 5 പ്രോ വാങ്ങാൻ സാധിക്കും. 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഓണർ മാജിക് 5 പ്രോ സ്മാർട്ട്ഫോണുകളുടെ വില 1,199 യൂറോയാണ് (ഏകദേശം 1,05,100 രൂപ). അതേസമയം, ഓണർ മാജിക് 5 സ്മാർട്ട്ഫോണുകൾ ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ അടിസ്ഥാന മോഡലിന്റെ വില 899 യൂറോയാണ് (ഏകദേശം 78,800 രൂപ).