വ്യൂ-വൺസ് മോഡിൽ അയച്ച ഫോട്ടോയും വീഡിയോയും ഇനി കൂടുതൽ ഭദ്രം; സ്ക്രീൻഷോട്ട് ബ്ലോക്ക് ചെയ്ത് വാട്സ്ആപ്പ്

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി വാട്സ്ആപ്പ്. വ്യൂ വൺസ് ഫീച്ചറിലൂടെ അയക്കുന്ന ഫോട്ടോകളും വീഡിയോസും കൂടുതൽ സുരക്ഷിതമാക്കുകയാണ് വാട്സ്ആപ്പ്. ഈ ഫീച്ചറിലൂടെ അയക്കുന്ന ഡോക്യുമെന്റ്സ് ലഭിക്കുന്നയാൾക്ക് ഓപ്പൺ ചെയ്ത് ഒരു തവണ മാത്രമാണ് കാണാൻ സാധിക്കുക. ഇമേജ് ക്ലോസ് ചെയ്തു കഴിഞ്ഞാൽ പിന്നീട് ഇത് ലഭ്യമാകില്ല. ‌

എന്നാൽ ഓപ്പൺ ആക്കിയ ഫോട്ടോകൾ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാൻ അവസരമുണ്ടായിരുന്നു. ഈ ഓപ്ഷനും ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ബീറ്റ വേർഷൻ ഉപയോക്താക്കൾക്കാണ് പുതിയ സേവനം ലഭ്യമാകുക.

വ്യൂ വൺസ് വഴി അയക്കുന്ന ഫോട്ടോകൾ ഇനി ആർക്കും സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. WABetaInfo ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.22.22.3 വേർഷനിൽ പുതിയ സേവനം ഈ ആഴ്ച്ച തന്നെ ലഭ്യമാകും.

ഐഒഎസ്, ആൻഡ്രോയിഡ് വേർഷനുകളിൽ പുതിയ സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ വാട്സ്ആപ്പ് ആരംഭിച്ചിരുന്നു. ആൻഡ്രോയിഡ് ബീറ്റ വേർഷന് മാത്രമാണ് നിലവിൽ സേവനം ലഭ്യമായിരിക്കുന്നത്. വരും മാസങ്ങളിൽ മറ്റ് വേർഷനുകളിൽ കൂടി പുതിയ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.