ഇഷാനും രോഹിതും ശ്രേയസും പൂജ്യത്തിന് പുറത്ത്; തിരിച്ചടിച്ച് ഓസീസ്| ind vs aus icc world cup updates ishan kishan rohit sharma shreyas iyer out for duck virat kohli dropped on 12 – News18 Malayalam


ചെന്നൈ: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യന്‍ ടീമിന് തകര്‍ച്ച. ഓസ്ട്രേലിയൻ തിരിച്ചടിയിൽ പതറിയ ഇന്ത്യക്ക് ആദ്യ രണ്ട് ഓവറിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. ജോഷ് ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി.

ഇഷാൻ കിഷനെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് ഗോള്‍ഡന്‍ ഡക്കാക്കി. ആറ് പന്തുകള്‍ നേരിട്ട രോഹിത് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അതേ ഓവറില്‍ ശ്രേയസിനെ ഡേവിഡ് വാര്‍ണറുടെ കൈകളിലെത്തിക്കാനും ഹേസല്‍വുഡിനായി. 9 ഓവര്‍ പിന്നിടുമ്പോള്‍ 3ന് 26 എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലി (16), കെ എല്‍ രാഹുല്‍ (7) എന്നിവരാണ് ക്രീസില്‍. 12 റൺസെടുത്ത് നില്‍ക്കെ വിരാട് കോഹ്ലിക്ക് ലൈഫ് കിട്ടി. ഹേസൽവുഡിന്റെ ഷോട്ട് ബോളിൽ ബാറ്റ് വെച്ച വിരാട് കോഹ്ലിയുടെ ക്യാച്ച് മാർഷ് കൈവിട്ടു.

ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയെ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്താവുകയായിരുന്നു. 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഓസീസിന്റെ നടുവൊടിച്ചത്. കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ഓസീസ് നിരയില്‍ 46 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 41 റണ്‍സെടുത്തു. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ (0) നഷ്ടമായി. ബുമ്രയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച്. പിന്നീട് മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ – സ്മിത്ത് സഖ്യം 69 കൂട്ടിചേര്‍ത്തു.

എന്നാല്‍ വാര്‍ണറെ റിട്ടേണ്‍ ക്യാച്ചിലൂടെ കുല്‍ദീപ് മടക്കി. പിന്നീടാണ് ജഡേജ പന്തെറിയാനെത്തിയത്. മൂന്ന് പ്രധാനപ്പെട്ട വിക്കറ്റുകള്‍ ജഡേജ മടക്കി. സ്മിത്തിനെ ബൗള്‍ഡാക്കിയായിരുന്നു തുടക്കം. പിന്നാലെ മര്‍നസ് ലബുഷെയ്‌നെ (27) വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. അതേ ഓവറില്‍ അലക്‌സ് ക്യാരിയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി മൂന്ന് വിക്കറ്റ് പൂര്‍ത്തിയാക്കി.