മുംബൈയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷൻ പ്രാധാന്യം അർഹിക്കുന്നത് എന്തുകൊണ്ട്?


അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (International Olympic Committee(IOC)) 141-ാമത് സെഷന് ഒക്ടോബർ 15 മുതൽ മുംബൈ ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ്. ഫ്ലാഗ് ഫുട്ബോൾ, ബേസ്ബോൾ, സോഫ്റ്റ്ബോൾ എന്നിവയ്‌ക്കൊപ്പം 2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് മുംബൈയിൽ ഒളിമ്പിക് കമ്മിറ്റി യോ​ഗം ചേരുന്നത്. ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. 2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുമോ എന്നതു സംബന്ധിച്ച ഔപചാരിക പ്രഖ്യാപനം മുംബൈയിൽ നടക്കുന്ന ഐഒസി സെഷനിൽ ഉണ്ടായേക്കാം.

2028 ഒളിമ്പിക്സിൽ പുരുഷ, വനിതാ ടീമുകളുടെ ടി 20 മത്സരങ്ങൾ ഉണ്ടാകുമെന്ന് ദി ഗാർഡിയനിലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒളിമ്പിക്സിൽ ഇതിനു മുൻപ് ഒരു തവണ മാത്രമേ ക്രിക്കറ്റ് മൽസരം ഉണ്ടായിട്ടുള്ളൂ. 1900-ൽ പാരീസിൽ വെച്ചു നടന്ന ഒളിമ്പിക്സിലായിരുന്നു അത്.

ഒളിമ്പിക് ചാര്‍ട്ടര്‍ അംഗീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, ഐഒസി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ്, ഒളിമ്പിക്സിന്റെ ആതിഥേയ നഗരത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഐഒസി സെഷനാണ് ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത്. അതിനാല്‍ തന്നെ ഇത്തരമൊരു സെഷൻ ഇന്ത്യയിൽ നടക്കുന്നത് മുംബൈയ്ക്കും ഇന്ത്യയ്ക്കും അഭിമാനകരമായ നേട്ടമാണ്. ആഗോള കായിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനും ഈ സെഷൻ മൂലം സാധിക്കും.

ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയായ നിത അംബാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം, 2022 ഫെബ്രുവരിയില്‍ ബീജിങ്ങിൽ നടന്ന 139-ാമത് ഐഒസി സെഷനില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത പ്രതിനിധികളില്‍ നിന്ന് 99 ശതമാനം നേടിയാണ് 141-ാമത് ഐഒസി സെഷന് വേ​ദിയാകാൻ മുംബൈ തിരഞ്ഞെടുക്കപ്പെട്ടത്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്‍ ഇന്ത്യയില്‍ നടക്കുന്നത്, രാജ്യത്തെ കായികരംഗത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. കൂടുതല്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിലും നിരവധി കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് കാരണമാകും. ഭാവിയിൽ യൂത്ത് ഒളിമ്പിക്‌സിനും ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്ക് താത്പര്യം ഉള്ളതിനാലും മുംബൈയിൽ നടക്കുന്ന ഈ യോ​ഗം രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.