ലോസ് ഏഞ്ചൽസ് 2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ചതായി വെള്ളിയാഴ്ച മുംബൈയിൽ നടന്ന ഐഒസി എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിന് ശേഷം ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് അറിയിച്ചു. ബേസ്ബോൾ/സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ എന്നിവയ്ക്കൊപ്പം അഞ്ച് പുതിയ കായിക ഇനങ്ങളിൽ ഒന്നായി ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള ലോസ് ഏഞ്ചൽസ് സംഘാടകരുടെ നിർദ്ദേശം അംഗീകരിച്ചതായി മുംബൈയിൽ നടന്ന എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിന്റെ രണ്ടാം ദിവസത്തിന് ശേഷം സംസാരിച്ച IOC പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.
ബേസ്ബോൾ, സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ്, സ്ക്വാഷ്, ക്രിക്കറ്റ് എന്നിവയാണ് ഒളിംപിക്സിലെ അഞ്ച് പുതിയ കായിക ഇനങ്ങൾ. ഐഒസി യോഗത്തിൽ അവതരിപ്പിക്കാനായി ലോസ് ഏഞ്ചൽസ് സംഘാടക സമിതി ഈ നിർദ്ദേശം മുന്നോട്ടുവെക്കുകയായിരുന്നുവെന്ന് തോമസ് ബാച്ച് പറഞ്ഞു.
“ഈ കായിക ഇനങ്ങൾ 2028 ലെ ഞങ്ങളുടെ ആതിഥേയരുടെ കായിക സംസ്കാരവുമായി പൂർണ്ണമായും യോജിക്കുന്നു. കായികമേഖലയിൽ അമേരിക്കയുടെ സംസ്ക്കാരം വേറിട്ടതാണ്. പുതിയ കായികയിനങ്ങൾ ഉൾപ്പടുത്തുന്നതോടെ അമേരിക്കയിലും ആഗോളതലത്തിലും പുതിയ കായികതാരങ്ങളുമായും ആരാധക സമൂഹങ്ങളുമായും ഇടപഴകാൻ ഒളിമ്പിക് പ്രസ്ഥാനത്തിന് കഴിയും. ലോസ് ഏഞ്ചൽസ് 2028-ലെ പ്രാരംഭ കായിക പരിപാടിയുടെ ഭാഗമല്ലാത്ത മൂന്ന് കായിക ഇനങ്ങളെക്കുറിച്ചും ഐഒസി എക്സിക്യൂട്ടീവ് യോഗം അവലോകനം ചെയ്തു,” തോമസ് ബാച്ച് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഒളിംപിക് ആവേശം ഉയർന്നു കഴിഞ്ഞു; നിതാ അംബാനിയുടെ ശ്രമങ്ങൾ അതീവ ശ്‌ളാഘനീയം; ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്
1998-ൽ ക്വാലാലംപൂരിലും 2022-ൽ ബർമിംഗ്ഹാമിലും നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ രണ്ട് പതിപ്പുകളിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നു. അതേസമയം 1900ൽ പാരീസ് ഒളിംപിക്സിൽ ഏകപക്ഷീയമായ മത്സരത്തിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ തോൽപ്പിച്ച് സ്വർണമെഡൽ നേടിയതിന് ശേഷം ഈ കായികയിനം ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായിരുന്നില്ല.
ക്രിക്കറ്റിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ‘അംഗീകാരം’ നൽകുന്നതിന് മുമ്പ് തൃപ്തിപ്പെടുത്തേണ്ട മാനദണ്ഡങ്ങളുടെ ഒരു നീണ്ട പട്ടിക ഉണ്ടായിരുന്നു. 2005-ൽ സ്ത്രീകളുടെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും 2006-ൽ വാഡ-അനുസൃതമായ ഉത്തേജക വിരുദ്ധ കോഡ് അവതരിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പെടുത്തുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പൂർത്തിയാക്കിയത്.