ബിശ്വദീപ് ഘോഷ്
വിവിധ സംസ്കാരങ്ങളുടെ സംഗമസ്ഥാനമായി മുംബൈയെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. ബോളിവുഡിന്റെ ആസ്ഥാനമായ, ഒട്ടേറെ പേരുടെ സ്വപ്ന നഗരമായ ഈ സ്ഥലത്തിന് സമ്പന്നമായ ഒരു കായിക സംസ്കാരം കൂടി അവകാശപ്പെടാനാകും. നിരവധി പ്രശസ്ത കായിക താരങ്ങളെ വളർത്തിയിട്ടുള്ള മഹാനഗരമാണ് മുംബൈ. മുംബൈക്കാരുടെ സ്പോർട്സിനോടുള്ള അഭിനിവേശം അവരുടെ സംസാരത്തിൽ നിന്നു തന്നെ വ്യക്തമാകും. തങ്ങൾ ഇഷ്ടപ്പെടുന്ന കായിക ഇനത്തെക്കുറിച്ച് ഇവർക്ക് വ്യക്തമായ ധാരണയുമുണ്ട്.
മുംബൈയിലെ മിക്ക സംഭാഷണങ്ങളും ക്രിക്കറ്റിനെ കേന്ദ്രീകരിച്ചാകും നടക്കുക. അന്താരാഷ്ട്ര മത്സരങ്ങളെക്കുറിച്ചുള്ള പല ചർച്ചകളും ആസാദ് മൈതാനത്തും ശിവാജി പാർക്കിലും നടന്നിട്ടുള്ള മത്സരങ്ങളുടെ ഓർമകളിലായിരിക്കും ചെന്ന് അവസാനിക്കുക. മുംബൈയിലെ യുവാക്കളിൽ പലർക്കും, കബഡി, ഫുട്ബോൾ, നീന്തൽ എന്നീ കായിക ഇനങ്ങളോടും വലിയ താത്പര്യമാണുള്ളത്. മുംബൈയുടെ ഈ കായിക സംസ്കാരം തന്നെയാണ്, ഈ നഗരത്തെ ഒക്‌ടോബർ 15 മുതൽ 17 വര നടക്കുന്ന 141-ാമത് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) സമ്മേളനത്തിന് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നത്.
ഇന്ത്യയുടെ ഒളിംപിക് ആവേശം ഉയർന്നു കഴിഞ്ഞു; നിതാ അംബാനിയുടെ ശ്രമങ്ങൾ അതീവ ശ്‌ളാഘനീയം; ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്
ഇത് രണ്ടാം തവണയാണ് ഐഒസി സെഷൻ ഇന്ത്യയിൽ നടക്കുന്നത്. 1983-ൽ ന്യൂഡൽഹി ഐഒസിക്ക് വേദിയായിരുന്നു. അന്താരാഷ്‌ട്ര കായികരംഗത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം കൂടിയാണ് ഇത് അടയാളപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ താത്പര്യങ്ങൾക്കും ഇത് ഉത്തേജനമാകും.
ഇന്ത്യയിലെ മറ്റെല്ലാ സ്ഥലങ്ങളിലുമെന്നതു പോലെ, മുംബൈയിലും ക്രിക്കറ്റ് എന്നാൽ ഒരു വികാരം തന്നെയാണ്. ഇത്തവണ മുംബൈ മാരത്തണിനും നഗരം ആതിഥേയത്വം വഹിച്ചിരുന്നു. കോവിഡ് -19 നിയന്ത്രണങ്ങൾ മൂലം രണ്ട് വർഷം മുംബൈ മാരത്തൺ ഉണ്ടായിരുന്നില്ല. ഈ വർഷം ജനുവരിയിലാണ് മുംബൈ മാരത്തൺ നടന്നത്. 50,000-ലധികം അമെച്വർ, പ്രൊഫഷണൽ ഓട്ടക്കാർ ഇതിൽ പങ്കെടുത്തിരുന്നു,
മുംബൈയിൽ നിന്നുള്ള വനിതാ കായിക താരങ്ങൾ അന്താരാഷ്ട്ര വേദിയിൽ നിരവധി വർഷങ്ങളായി ഈ നഗരത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്നുണ്ട്. 1934-ൽ നടന്ന വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിലെ ഒരു മത്സരം വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മുംബൈക്കാരിയായ ലീല റോ ദയാൽ മാറിയിരുന്നു. 1951-ലെ ഏഷ്യൻ ഗെയിംസിൽ ഷോട്ട്പുട്ടിലും ജാവലിൻ ത്രോയിലും മുംബൈ സ്വദേശിയായ ബാർബറ വെബ്‌സ്റ്റർ വെങ്കല മെഡലുകൾ നേടിയിരുന്നു.
മുംബൈയുടെ അഭിമാനമായ നീന്തൽ താരം ഡോളി നസീർ 1952 ൽ ഹെൽസിങ്കിയിൽ നടന്ന ഒളിമ്പിക്‌സിൽ 100 മീറ്റർ, 200 മീറ്റർ ഫ്രീസ്റ്റൈലിൽ പങ്കെടുത്തിരുന്നു. 1951-ൽ ന്യൂ ഡൽഹിയിൽ വെച്ചു നടന്ന ഏഷ്യൻ ഗെയിംസിലും 1954 ൽ മനിലയിൽ വെച്ചുനടന്ന ഏഷ്യൻ ഗെയിംസിലും 4×100 മീറ്റർ റിലേയിൽ മെഡലുകൾ നേടിയ താരമാണ് മുംബൈക്കാരിയ മേരി ഡിസൂസ. 1952 ലെ സമ്മർ ഒളിമ്പിക്സിൽ 100 മീറ്ററിലും 200 മീറ്ററിലും മേരി ഡിസൂസ മത്സരിച്ചിരുന്നു. നഗരത്തിലെ കായിക പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതിൽ ഈ വനിതകൾ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിന് മുംബൈ നൽകിയ സംഭാവനകളും വലുതാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അഞ്ച് തവണ ജേതാക്കളായ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള വാങ്കഡെ സ്റ്റേഡിയം. നഗരത്തിലെ പ്രമുഖ മൈതാനങ്ങളായ ആസാദ് മൈതാനം, ഓവൽ മൈതാനം, ക്രോസ് മൈതാനം എന്നിവയും പ്രശസ്തമാണ്.
ശിവാജി പാർക്കിനെ കുറിച്ചു പറയുമ്പോൾ തന്നെ ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച നിരവധി ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ മനസിലേക്ക് ഓടിയെത്തും. രോഹിത് ശർമ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് തുടങ്ങി നിലവിൽ ടീമിലുള്ള ക്രിക്കറ്റ് താരങ്ങളെ കൂടാതെ സുനിൽ ഗവാസ്‌കർ, സച്ചിൻ ടെണ്ടുൽക്കർ, വിജയ് മഞ്ജരേക്കർ, ദിലീപ് സർദേശായി, ദിലീപ് വെങ്‌സർക്കാർ, അജിത് വഡേക്കർ തുടങ്ങിയ ലോകോത്തര ക്രിക്കറ്റ് താരങ്ങളെ സംഭാവന ചെയ്ത നഗരം കൂടിയാണ് മുംബൈ. ബാറ്റിങ്ങ് പ്രതിഭകളുടെ വലിയൊരു നിര തന്നെ മുംബൈ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സമ്മാനിച്ചിട്ടുണ്ട്.
മുംബൈയിൽ നിന്നുള്ള നിരവധി കായിക താരങ്ങൾ അന്താരാഷ്ട്ര വേദിയിൽ മികവ് തെളിയിച്ചിട്ടുണ്ട്. 2022-ലെ ഹാങ്‌സൗ ഏഷ്യൻ ഗെയിംസിൽ, ചിരാഗ് ഷെട്ടിയും സാത്വിക്‌സായിരാജ് റെഡ്ഡിയും ചേർന്ന് ബാഡ്മിന്റണിൽ പുരുഷ ഡബിൾസ് സ്വർണം നേടി. ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സ്ക്വാഷിൽ മൂന്ന് തവണ മെഡൽ നേടിയ മഹേഷ് മങ്കോങ്കർ ഹാങ്‌ഷൗവിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു. മൂന്ന് തവണ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ടേബിൾ ടെന്നീസിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി സനിൽ ഷെട്ടിയും മുംബൈയുടെ കായികപ്പെരുമക്ക് മാറ്റു കൂട്ടി. കോമൺവെൽത്ത് ഗെയിംസിലെ വനിതാ ബാഡ്മിന്റണിൽ മുംബൈ സ്വദേശി അപർണ പോപറ്റ് നാല് മെഡലുകൾ നേടിയിട്ടുണ്ട്.
ദേശീയ അന്തർദേശീയ ഇനങ്ങളിൽ, വിവിധ മേഖലകളിൽ നിന്നുള്ള നിരവധി കായിക താരങ്ങൾ മികവ് തെളിയിച്ച മറ്റൊരു ഇന്ത്യൻ നഗരത്തെക്കുറിച്ച് ചിന്തിക്കുക പോലുമ അസാധ്യമാണ്. മൂന്ന് തവണ ബില്ല്യാർഡിൽ അമേച്വർ ലോക ചാമ്പ്യനായ മൈക്കൽ ഫെരേര ഈ നഗരത്തിൽ നിന്നാണ്. 2002-ൽ 10 മീറ്റർ എയർ റൈഫിളിൽ ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തിയ ഷൂട്ടർ അഞ്ജലി ഭഗവതും മുംബൈക്കാരിയാണ്. നിരവധി അന്താരാഷ്ട്ര മൽസരങ്ങളിൽ അഞ്ജലി വിജയം നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര ഫുട്‌ബോളിൽ ഇന്ത്യക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെങ്കിലും, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ സമനിലയിലെത്തുന്ന ആദ്യ ഇന്ത്യൻ ടീമായി മുംബൈ സിറ്റി ഫുട്‌ബോൾ ക്ലബ് മാറിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ആദ്യ ക്ലബ്ബും ഇവരാണ്. അതേ സീസണിലെ ലീഗ് വിന്നേഴ്സ് ഷീൽഡ് (2020-21) നേടിയതും മുംബൈ സിറ്റി ഫുട്‌ബോൾ ക്ലബ് ആണ്. മുംബൈ നഗരം നിരവധി ഫുട്ബോൾ താരങ്ങളെയും സൃഷ്ടിച്ചിട്ടുണ്ട്. മുംബൈ സ്വദേശി ഡെറക് ഡിസൂസ, 1964-ൽ മെർദേക്ക ടൂർണമെന്റിൽ റണ്ണറപ്പായി ഫിനിഷ് ചെയ്യുകയും, 1960-ലെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ദേശീയ ടീമിനായി ആദ്യമായി ഗോൾ നേടുകയും ചെയ്ത ടീമിന്റെ ഭാഗമായിരുന്നു. ഗോവയിൽ ജനിച്ച ഇതിഹാസതാരം നെവിൽ ഡിസൂസ, സ്റ്റീവൻ ഡയസ്, ഹെൻറി മെനെസെസ് എന്നിവരും മുംബൈയിൽ നിന്നും ഉയർന്നുവന്ന ഫുട്ബോൾ താരങ്ങളാണ്.
ഹോക്കിയുടെ കാര്യമെടുത്താൽ, 1980ലെ മോസ്‌കോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ ടീമിൽ അംഗമായിരുന്ന എംഎം സോമയ മുംബൈ സ്വദേശിയാണ്. രണ്ടുതവണ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ എംഎം സോമയയുടെ പേരു പരാമർശിക്കാതെ ഇന്ത്യൻ ഹോക്കിയെ കുറിച്ച് ചർച്ച ചെയ്യുക അസാധ്യമാണ്. 2020-ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഹോക്കി ടീമിൽ മുംബൈ സ്വദേശിയായ വിരേൻ റാസ്‌ക്വിൻഹ കളിച്ചിരുന്നു. മുംബൈക്കാരൻ സെൽമ ഡി സിൽവ 1982 ഡൽഹി ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിന്റെ ഭാഗമായിരുന്നു.
2014-ൽ പ്രോ കബഡി ലീഗ് ആരംഭിച്ചത് മുതൽ കബഡിയിലും മുംബൈക്കാർക്ക് വലിയ താത്പര്യമുണ്ട്. എങ്കിലും മുംബൈ ആസ്ഥാനമായുള്ള പ്രൊഫഷണൽ കബഡി ടീമായ യു മുംബ (U Mumba) 2015 ലെ വിജയത്തിന് ശേഷം ലീഗ് മൽസരങ്ങളിൽ വിജയിച്ചിട്ടില്ല.
യു മുംബ ഡിസംബറിൽ മറ്റൊരു അങ്കത്തിന് തയ്യാറെടുക്കുമ്പോൾ മുംബൈക്കാർ പ്രതീക്ഷയിലാണ്. അതോടൊപ്പം, 2023 ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീം കപ്പുയർത്തുമെന്നും മുംബൈയിലെ ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നു. ക്രിക്കറ്റ് ഒരു ദേശീയ വികാരം ആണെങ്കിലും, ക്യാപ്റ്റൻ മുംബൈ സ്വദേശി ആയതിനാൽ ഇവിടെയുള്ളവർക്ക് ഇരട്ടി ആവേശമാണ്.
(മൂന്ന് പതിറ്റാണ്ടായി മാധ്യമപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നയാളാണ് ലേഖകൻ. സാഹിത്യം, പോപ്പ് കൾച്ചർ എന്നിവയെക്കുറിച്ചാണ് അദ്ദേഹം കൂടുതലായും എഴുതാറുള്ളത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ ‘എംഎസ്ഡി: ദി മാൻ, ദി ലീഡർ’, ചലച്ചിത്രതാരങ്ങളുടെ ജീവചരിത്രങ്ങളടങ്ങിയ‘ഹാൾ ഓഫ് ഫെയിം’ എന്നിവയെല്ലാം അദ്ദേഹത്തിന്റെ രചനകളാണ്. ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന കാഴ്ചപ്പാടുകൾ വ്യക്തിപരവും രചയിതാവിന്റെ മാത്രം അഭിപ്രായവുമാണ്. അവ ന്യൂസ് 18-ന്റെ അഭിപ്രായങ്ങളല്ല)