പ്രസിഡന്റ് തോമസ് ബാച്ചിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ| Mumbai CM Eknath Shinde welcomed IOC President Thomas Bach – News18 Malayalam
മുംബൈയിൽ ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ( ഐഒസി) 141-ാമത് യോഗത്തിന് മുന്നോടിയായി ഐഒസി പ്രസിഡന്റ് തോമസ് ബാച്ചിനെയും ഐഒസി അംഗം നിത അംബാനിയെയും സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. 2016 മുതൽ ഇന്ത്യയിൽ ഐഒസി അംഗമാണ് നിത അംബാനി. കൂടാതെ ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത എന്ന പേരും നിത അംബാനിയ്ക്ക് സ്വന്തമാണ്.
ഇപ്പോൾ 40 വർഷത്തെ വലിയ ഇടവേളയ്ക്കു ശേഷമാണ് അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി ഇന്ത്യയിൽ നടക്കുന്നത്. 1983 ൽ ന്യൂഡൽഹിയിൽ വച്ച് നടന്ന സെഷനാണ് ഇന്ത്യ അവസാനമായി ആതിഥേയത്വം വഹിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പങ്കെടുത്ത ചടങ്ങിൽ അക്കാലത്തെ ഐഒസി പ്രസിഡന്റ് ജുവാൻ അന്റോണിയോ സമരഞ്ച് ആണ് സ്വാഗതം ചെയ്തത്.
അതേസമയം 1900-ൽ പാരീസിൽ നടന്ന ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യൻ വംശജനായ ആദ്യ അത്‌ലറ്റായ നോർമൻ പ്രിച്ചാർഡ് മത്സരിച്ച് 200 മീറ്റർ സ്പ്രിന്റ്, 200 മീറ്റർ ഹർഡിൽസ് എന്നീ ഇനങ്ങളിൽ വെള്ളി സ്വന്തമാക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്ത്യ ഒളിമ്പിക് ഗെയിംസിൽ നിന്ന് രണ്ട് വ്യക്തിഗത സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ ആകെ 35 മെഡലുകൾ ആണ് നേടിയത് . ഇതിൽ വ്യക്തിഗത ഇനത്തിൽ ആദ്യത്തേത് നിലവിലെ ഐഒസി അത്‌ലറ്റ്‌സ് കമ്മീഷൻ അംഗമായ അഭിനവ് ബിന്ദ്രയും രണ്ടാമത്തേത് 2020 ൽ ടോക്കിയോയിൽ നടന്ന ഒളിമ്പിക്‌സിൽ നീരജ് ചോപ്രയും ആണ് കരസ്ഥമാക്കിയത്.