അഹമ്മദാബാദ്: കായികലോകം കാത്തിരുന്ന പോരാട്ടത്തിന് തുടക്കമായി. ഇന്ത്യയും പാകിസ്ഥാനും കളത്തിൽ ഇറങ്ങിയതോടെ ഗ്യാലറികളിൽ ആവേശം നിറഞ്ഞു. മത്സരത്തിന് മുന്നോടിയായി ടോസിനിടെ ടീമിലെ മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ വന്ന മറുപടിയിൽ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം ഒന്നാകെ ആർത്തിരമ്പി. ഡെങ്കിപ്പനിയെ തുടർന്ന് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാതിരുന്ന ശുഭ്മാൻ ഗിൽ ഇന്നത്തെ മത്സരത്തിൽ കളിക്കുമെന്നാണ് രോഹിത് മറുപടി നൽകിയത്. ചെറു ചിരിയോടെയാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. ഇത് കേട്ടതോടെ ഗ്യാലറികൾ ഇളകിമറിഞ്ഞു.
ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കാൻ ചെന്നൈയിൽ എത്തിയപ്പോഴാണ് ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് പ്ലേറ്റ്ലറ്റ് കൌണ്ട് കുറഞ്ഞതോടെ ഗില്ലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ അഫ്ഗാനിസ്ഥാനെതിരായ രണ്ടാമത്തെ മത്സരവും നഷ്ടമായി. എന്നാൽ പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതോടെ രണ്ടുദിവസം മുമ്പ് ഗിൽ പരിശീലനത്തിന് ഇറങ്ങുകയായിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ശുഭ്മാൻ ഗില്ലിന് മികച്ച റെക്കോർഡാണുള്ളത്. ഐപിഎല്ലിൽ ഉടനീളം മിന്നുന്ന പ്രകടനമാണ് ഗിൽ പുറത്തെടുത്തത്. കൂടാതെ ഏകദിന ക്രിക്കറ്റിൽ ഈ കലണ്ടർ വർഷം ഏറ്റവുമധികം റൺസ് നേടിയതും ഗിൽ ആണ്.