India vs Pakistan ICC World Cup 2023 : പാകിസ്ഥാന് ഓപ്പണർമാരെ നഷ്ടമായി; ഇന്ത്യൻ ബോളർമാർ പിടിമുറുക്കുന്നു
അഹമ്മദാബാദ്: ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ഭേദപ്പെട്ട തുടക്കം. 73 റൺസെടുക്കുന്നതിനിടെ അവർക്ക് ഓപ്പണർമാരെ നഷ്ടമായി. 20 റൺസെടുത്ത അബ്ദുള്ള ഷഫീഖിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
36 റൺസെടുത്ത ഇമാം ഉൾ ഹഖിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. പാണ്ഡ്യയുടെ ഒരു മികച്ച ഔട്ട് സ്വിങറിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ മുഴുനീള ഡൈവിലൂടെയാണ് ഹഖിനെ കൈപ്പിടിയിൽ ഒതുക്കിയത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാകിസ്ഥാൻ 19 ഓവറിൽ രണ്ടിന് 102 റൺസ് എന്ന നിലയിലാണ്. 30 റൺസോടെ നായകൻ ബാബർ അസമും 15 റൺസോടെ മൊഹമ്മദ് റിസ്വാനുമാണ് ക്രീസിൽ.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ഇന്ത്യ പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
മത്സരത്തിന്‍റെ തുടക്കത്തിൽ പാക് ഓപ്പണർമാർ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ബോളർമാരെ നേരിട്ടത്. ബുംറയുടെയും സിറാജിന്‍റെയും മോശം പന്തുകൾ തെരഞ്ഞുപിടിച്ച് റൺസ് കണ്ടെത്തി മുന്നേറി. എന്നാൽ എട്ടാമത്തെ ഓവറിലെ അവസാന പന്തിൽ അബ്ദുള്ള ഷഫീഖിനെ പുറത്താക്കി സിറാജ് നിർണായക ബ്രേക്ക് സമ്മാനിക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 41 റൺസാണ് പാകിസ്ഥാൻ നേടിയത്. തുടർന്ന് ബാബർ അസമിനെ കൂട്ടുപിടിച്ച് ഇമാം ഉൾ ഹഖ് സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ പതിമൂന്നാമത്തെ ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ഇമാം ഉൾ ഹഖ് പുറത്താകുകയായിരുന്നു. 38 പന്ത് നേരിട്ട ഇമാം ഉൾ ഹഖ് ആറ് ഫോറുകൾ നേടി.
ഈ ഗ്രൗണ്ടില്‍ ഗില്ലിന്‍റെ റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ ഗില്ലിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരിക്കാനാവില്ലെന്ന് ടോസ് നേടിയശേഷം രോഹിത് പറഞ്ഞു. രാത്രിയിലെ മഞ്ഞു വീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രശ്നമാകാന്‍ സാധ്യതയുള്ളതിനാലാണ് ടോസ് നേടിയ ശേഷം ഫീല്‍ഡിങ് തെരഞ്ഞെടുത്തതെന്നും രോഹിത് വ്യക്തമാക്കി. അതേസമയം, ശ്രീലങ്കക്കെതിരെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ(c), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
പാകിസ്ഥാൻ പ്ലേയിംഗ് ഇലവന്‍: അബ്ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, ബാബർ അസം (c), മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.