ക്രിക്കറ്റിന്റെ പ്രാധാന്യം വർധിച്ചു, ഒളിമ്പിക്സിൽ ഉൾപ്പെടുത്തണമെന്ന നിർദേശം സ്വാഗതാർഹം: ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്
സമീപ വർഷങ്ങളിൽ ക്രിക്കറ്റിന്റെ പ്രാധാന്യം ഏറെ വർധിച്ചിട്ടുണ്ടെന്നും 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തണമെന്ന നിർദേശം സ്വാഗതാർഹമാണെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാച്ച്.
“സമീപ വർഷങ്ങളിൽ ക്രിക്കറ്റിന്റെ പ്രാധാന്യം വളരെയധികം വർധിച്ചു. അന്താരാഷ്ട്ര തലത്തിൽ അതിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത് നാം കണ്ടു. ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളെ ഒളിമ്പിക് മൽസരങ്ങൾ ഉൾപ്പെടുത്താനാണ് കമ്മിറ്റി ആഗ്രഹിക്കുന്നത്. അതിനാൽ, ഈ നിർദേശം സ്വാഗതാർഹമാണ്”, മുംബൈയിൽ നടന്ന 141-ാമത് ഐഒസി സെഷന്റെ രണ്ടാം ദിവസത്തെ പത്രസമ്മേളനത്തിൽ തോമസ് ബാച്ച് പറഞ്ഞു.
Also read- ഇന്ത്യയുടെ ഒളിമ്പിക്‌സ് യാത്രയിൽ നിത അംബാനിയുടെ പങ്ക് മാതൃകാപരമെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്
2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ, ബേസ്ബോൾ, സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, സ്ക്വാഷ് എന്നിവയ്ക്കൊപ്പം, ടി20 ഫോർമാറ്റിൽ ക്രിക്കറ്റ് ഉൾപ്പെടുത്തണം എന്നാണ് നിർദേശം.
“കഴിഞ്ഞ 50 വർഷത്തിനിടെ ഞാൻ ഇത് പറഞ്ഞിട്ടില്ല. പക്ഷേ ക്രിക്കറ്റ് കൂടുതൽ ജനപ്രിയമായി. ഐഒസി അംഗം നിത അംബാനി ഇതു സംബന്ധിച്ച് ഞങ്ങൾക്ക് ഉപദേശം നൽകിയിരുന്നു. തുടർന്ന് ഞങ്ങൾ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിന്റെ സംഘാടക സമിതിയുമായി ചർച്ച നടത്തി“, തോമസ് ബാച്ച് കൂട്ടിച്ചേർത്തു.
Also read- 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ
“ഈ അഞ്ച് പുതിയ കായിക ഇനങ്ങൾ അമേരിക്കൻ കായിക സംസ്കാരത്തിന് അനുയോജ്യമായവയാണ്. ഈ പുതിയ ഇനങ്ങൾ കൂടി ചേരുമ്പോൾ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് ഏറെ പ്രത്യേകതകൾ നിറഞ്ഞതാകും. ഈ ഇനങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് ആഗോളതലത്തിലെ പുതിയ കായികതാരങ്ങളുമായും ആരാധക സമൂഹങ്ങളുമായും ഇടപഴകാൻ ഒളിമ്പിക് പ്രസ്ഥാനത്തെ സഹായിക്കും.
2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്ന കാര്യം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഐഒസി എക്‌സിക്യൂട്ടീവ് ബോർഡ് ഈ നിർദേശത്തിന് ഇതിനോടകം തന്നെ അംഗീകാരം നൽകിയിട്ടുണ്ട്. 99 ഐഒസി അംഗങ്ങളിൽ രണ്ട് പേർ മാത്രമാണ് നിർദേശത്തെ എതിർത്തത്.