ധർമ്മശാല: ലോകകപ്പിൽ വീണ്ടും അട്ടിമറി. കരുത്തരായ ദക്ഷിണാഫ്രിക്കയെ 38 റൺസിന് നെതർലൻഡ്സ് അട്ടിമറിച്ചു. മഴ മൂലം 43 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത നെതർലൻഡ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് നേടി. അനായാസം ജയിക്കാമെന്ന ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ തകർത്ത് നെതർലൻഡ്സ് തകർപ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് – ഓവറിൽ – റൺസിന് അവസാനിക്കുകയായിരുന്നു.
മുൻ ദക്ഷിണാഫ്രിക്കൻ താരമായ വാൻ ഡെർ മെർവെ രണ്ടു വിക്കറ്റ് നേടി ദക്ഷിണാഫ്രികയുടെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചു. മെർവെയെ കൂടാതെ വാൻ ബീക്, മീകെരെൻ എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ നിരയിൽ 43 റൺസെടുത്ത ഡേവിഡ് മില്ലറാണ് ടോപ് സ്കോറർ. ക്ലാസൻ 28 റൺസും കോട്സീ 22 റൺസും നേടി. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ ക്വിന്‍റൻ ഡി കോക്കിന് 20 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത നെതർലൻഡ്സ് ഗംഭീര ബാറ്റിങ്ങാണ് പുറത്തെടുത്തത്. 69 പന്തിൽ 78 റൺസെടുത്ത നായകൻ സ്കോട്ട് എഡ്വേർഡ്സാണ് ഡച്ച് പടയുടെ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. വാൻഡെർ മെർവ് 29 റൺസും ആര്യൻ ദത്ത് പുറത്താകാതെ 23 റൺസും നേടി. ഡച്ച് നിരയിൽ വിക്രം ജിത്ത്(2), ബാസ് ഡി ലീഡെ(2) എന്നിവരൊഴികെ മറ്റെല്ലാ ബാറ്റർമാരും ഭേദപ്പട്ട സംഭാവനകൾ നൽകിയതോടെയാണ് അവർക്ക് വെല്ലുവിളിക്കാവുന്ന സ്കോറിൽ എത്താനായത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ലുങ്കി എൻഗിഡി, മാർകോ ജാൻസൻ, കാഗിസോ റബാഡ, എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നത്തെ മത്സരം കഴിഞ്ഞതോടെ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളിൽനിന്ന് നാല് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. ആദ്യ ജയം സ്വന്തമാക്കിയ നെതർലൻഡ്സ് ഒമ്പതാമതാണ്. ഒക്ടോബർ 21ന് ഇംഗ്ലണ്ടിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം. ഇതേദിവസം നെതർലൻഡ്സ് ശ്രീലങ്കയെ നേരിടും.