ബ്യൂണസ് അയേഴ്സ്: ദക്ഷിണഅമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്‍റീനയ്ക്ക് തകർപ്പൻ ജയം. സ്വന്തം തട്ടകത്തിൽ പെറുവിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്‍റീന തകർത്തത്. സൂപ്പർതാരം ലയണൽ മെസിയാണ് അർജന്‍റീനയുടെ രണ്ടു ഗോളുകളും നേടിയത്. അതേസമയം മുൻ ചാംപ്യൻമാരായ ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളിന് ഉറുഗ്വേയോട് തോറ്റു.
പെറുവിനെതിരായ മത്സരത്തിൽ അർജന്‍റീനയ്ക്ക് തന്നെയായിരുന്നു സമഗ്രാധിപത്യം. തുടക്കം മുതൽ ആക്രമിച്ചു കളിഞ്ഞ അർജന്‍റീന ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും നേടിയത്. നിക്കോളാസ് ഗോൺസാലസിന്‍റെ പാസിൽ നിന്ന് 32-ാം മിനിട്ടിലാണ് മെസി ആദ്യ ഗോൾ നേടിയത്. പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ മെസി ഒരു തവണ കൂടി ലക്ഷ്യം കണ്ടു. എൻസോ ഫെർണാണ്ടസിന്‍റെ അസിസ്റ്റിൽനിന്നായിരുന്നു ഇത്തവണത്തെ ഗോൾ. രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ അർജന്‍റീനയ്ക്ക് ലഭിച്ചെങ്കിലും അവർ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
ഉറുഗ്വേയുടെ തട്ടകത്തിൽ നിറംമങ്ങിയ കളിയായിരുന്നു ബ്രസീലിന്‍റേത്. 42-ാം മിനിട്ടിൽ നൂനസിലൂടെയാണ് ഉറുഗ്വേ ആദ്യ ഗോൾ നേടിയത്. 77-ാം മിനിട്ടിൽ നൂനസിന്‍റെ അസിസ്റ്റിൽ ക്രൂസ് ലീഡ് ഉയർത്തി. ഇതിനിടയിൽ ഗോൾ മടക്കാൻ ബ്രസീൽ നടത്തിയ ശ്രമങ്ങൾ ഉറുഗ്വേ പ്രതിരോധത്തിൽ തട്ടിത്തെറിക്കുകയായിരുന്നു. ബ്രസീൽ നിരയിൽ നെയ്മർ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ഗബ്രിയേൽ ജീസസ്, കാസെമിറോ തുടങ്ങിയ പ്രമുഖർ ഉണ്ടായിരുന്നെങ്കിലും പെരുമയ്ക്കൊത്ത കളി കെട്ടഴിക്കാൻ അവർക്ക് കഴിഞ്ഞില്ല. മത്സരത്തിനിടെ നെയ്മർ പരിക്കേറ്റ് പുറത്തായത് ബ്രസീലിന് തിരിച്ചടിയായി. ഉറുഗ്വേതാരത്തിന്‍റെ കടുത്ത ടാക്ലിങിന് വിധേയനായ നെയ്മർ കാൽമുട്ടിന് പരിക്കേറ്റാണ് പുറത്തായത്.
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതയിലെ മറ്റ് മത്സരങ്ങളിൽ വെനിസ്വേല 3-0ന് ചിലിയെയും പരാഗ്വേ 1-0ന് ബൊളീവിയയെയും തോൽപ്പിച്ചു. ഇക്വഡോർ-കൊളംബിയ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ എല്ലാ ടീമുകളും നാല് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ 12 പോയിന്‍റുമായി അർജന്‍റീനയാണ് ഒന്നാമത്. ഏഴ് പോയിന്‍റ് വീതമുള്ള ഉറുഗ്വേ, ബ്രസീൽ, വെനിസ്വേല ടീമുകളാണ് തൊട്ടുപിന്നിൽ. കൊളംബിയയ്ക്ക് ആറ് പോയിന്‍റുണ്ട്. ഇക്വഡോർ, പരാഗ്വേ, ചിലി ടീമുകൾ നാല് പോയിന്‍റ് വീതം നേടി. പെറുവിന് ഒരു പോയിന്‍റുണ്ട്. കളിച്ച് നാല് മത്സരവും തോറ്റ ബൊളീവിയയ്ക്ക് ഇതുവരെ പോയിന്‍റൊന്നും നേടാനായില്ല.