ഏകദിന ലോകകപ്പിൽ ന്യൂസിലന്റിനെതിരെ ഇന്ത്യയ്ക്ക് 274 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ഭേദപ്പെട്ട നിലയിൽ തുടങ്ങിയ മികച്ച സ്കോർ നേടി. ഡാരിൽ മിച്ചലും രചിൻ രവീന്ദ്രയുമാണ് ഇന്ത്യയ്ക്ക് കനത്ത പ്രഹരം നൽകിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 159 റണ്‍സ് നേടി.
ഒരിടയ്ക്ക്, ന്യൂസിലന്റ് സ്കോർ 300 ന് മുകളിൽ കയറുമെന്ന ആശങ്കപോലുമുണ്ടായി. മുഹമ്മദ് ഷമിയാണ് കുതിച്ചുപാഞ്ഞ കിവികളെ പിടിച്ചുകെട്ടിയത്. ഇന്ത്യയ്ക്കു വേണ്ടി ഷമി അഞ്ച് വിക്കറ്റ് നേടി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും ബുമ്രയും സിറാജും ഓരോ വിക്കറ്റ് വീതവും നേടി.
ന്യൂസിലന്റിനു വേണ്ടി രചീന്‍ രവീന്ദ്ര 87 പന്തില്‍ 75 റൺസ് നേടി. അവസാനം വരെ പിടിച്ചു നിന്ന മിച്ചൽ 127 പന്തില്‍ 130 റണ്‍സെടുത്തു. മത്സരത്തിന്റെ തുടക്കത്തിൽ 19 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്ന ന്യൂസിലന്റിനെ രചിനും മിച്ചലും ചേർന്നാണ് കരകയറ്റിയത്. തുടക്കത്തിൽ രചിന്റെ വിക്കറ്റും അർധ സെഞ്ചുറിക്കു ശേഷം മിച്ചലിന്റെ വിക്കറ്റും കൈവിട്ടത് സ്കോർ കുതിച്ചുയരാൻ കാരണമായി.
നാലാം ഓവറില്‍ ഡെവോണ്‍ കോണ്‍വെയെ (0)സിറാജും വില്‍ യങ്ങിനെ (17) ഷമിയുമാണ് പുറത്താക്കിയത്. ശർദുൽ താക്കൂറിന് പകരക്കാരനായി ഇറങ്ങി അഞ്ച് വിക്കറ്റും സ്വന്തമാക്കി താരമായത് ഷമിയാണ്.