ശ്രീലങ്കയിലേക്ക്‌ വന്നാൽ ബംഗ്ലാദേശ് ക്യാപ്റ്റനെ ആളുകൾ കല്ലെറിയും; ആഞ്ചലോ മാത്യൂസിന്റെ സഹോദരൻ


ഡൽഹിയിൽ നടന്ന ശ്രീലങ്ക – ബംഗ്ലാദേശ് മത്സരം വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്. ടൈം ഔട്ടിനെ തുടർന്ന് ആഞ്ചലോ മാത്യൂസ് പുറത്തായതാണ് ഈ വിവാദങ്ങൾക്ക് കാരണം. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് ഹസ്സന്റെ അപ്പീലാണ് മാത്യൂസ് പുറത്താകാൻ കാരണം. ഇന്റർനാഷണൽ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യത്തെ സംഭവമാണ്. പക്ഷെ തന്റെ തീരുമാനത്തിൽ ഷാക്കിബിന് യാതൊരു വിധ കുറ്റബോധവും ഇല്ല.

അപ്പീൽ പിൻവലിക്കാതെ നിന്ന ഷാക്കിബിന്റെ തീരുമാനത്തിന് എതിരെ മാത്യൂസിന്റെ വീട്ടുകാരും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിലാണ് ഷാക്കിബ് ഇനി ശ്രീലങ്കയിലേക്ക് എത്തിയാൽ ആളുകൾ കല്ലെറിയുമെന്ന് മാത്യൂസിന്റ സഹോദരൻ ട്രെവിസ് മാത്യൂസ് പറഞ്ഞത്.

” ഞങ്ങൾക്ക് വളരെ നിരാശയുണ്ട്. ഒരു കായിക താരത്തിന്റെതായ ഒരു മൂല്യങ്ങളോ മാനുഷിക പരിഗണനയോ ഷാക്കിബ് കാണിച്ചില്ല ” ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ ട്രെവിസ് മാത്യൂസ് പറഞ്ഞു.

Also read-‘ടൈം ഔട്ട് അല്ല’; ഫോർത്ത് അമ്പയർ തീരുമാനത്തിനെതിരെ വീഡിയോ തെളിവുമായി ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ്

” ഇന്റർനാഷണൽ ക്രിക്കറ്റിനായോ എൽപിഎൽ മാച്ചുകൾക്കായോ ഷാക്കിബ് ശ്രീലങ്കയിൽ വന്നാൽ അയാളെ ആളുകൾ കല്ല് എറിയും, ആരാധകരുടെ പല വിധ അക്രമങ്ങളും അയാൾക്ക് നേരെ ഉണ്ടായെന്നു വരാം” ട്രെവിസ് കൂട്ടിച്ചേർത്തു.

” ഒരിയ്ക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ് സംഭവിച്ചത് പക്ഷെ ക്രിക്കറ്റിന്റെ നിയമങ്ങളിൽ ഉള്ള കാര്യം തന്നെയാണത് “.

” ഇങ്ങനെ ഒരു കാര്യം നിങ്ങൾക്കാണ് സംഭവിച്ചത് എങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് അങ്ങനെ ഒന്ന് എനിക്ക് സംഭവിക്കില്ല എന്നും ഞാൻ എല്ലാം ശ്രദ്ധയോടെയാണ് ചെയ്യുക എന്നുമാണ് ഷാക്കിബ് മറുപടി പറഞ്ഞത്.

” താൻ കൃത്യ സമയത്ത് തന്നെ ക്രീസിൽ എത്തിയിരുന്നു എന്നാൽ ഹെൽമറ്റിന്റെ തകരാർ ആണ് തടസമായതെന്ന്” മാത്യൂസ് പറഞ്ഞു.

” ഞാൻ തെറ്റൊന്നും ചെയ്തില്ല, രണ്ട് മിനിട്ടാണ് ക്രീസിൽ കയറാൻ ഉള്ളത്, അത് ഞാൻ പാലിച്ചിട്ടുണ്ട്. പക്ഷെ ഹെൽമെറ്റ് കേടായിരുന്നു. ഷാക്കിബിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല എന്നും മാത്യൂസ് പറഞ്ഞു.

ESPN ക്രിക്കറ്റ്‌ ഇൻഫോ റിപ്പോർട്ട് അനുസരിച്ച് ഹെൽമറ്റിന്റെ പ്രശ്നം നടക്കുന്നതിന് മുമ്പ് തന്നെ അമ്പയർ ആയ റീചാർഡ് ഇല്ലിങ്വർത് മാത്യൂസിനോട് 30 സെക്കൻഡ് ആണ് ക്രീസിൽ എത്താൻ ബാക്കി ഉള്ളത് എന്ന് മുൻകൂട്ടി അറിയിച്ചിരുന്നു.

പക്ഷെ ഹെൽമ്മറ്റിന്റെ പ്രശ്നമാണ് കാലതാമസം ഉണ്ടാകാൻ കാരണം എന്നാണ് ശ്രീലങ്കൻ പ്രതിനിധികൾ പറയുന്നത്. ഒരാൾ ഔട്ടായി രണ്ട് മിനിറ്റിന് ഉള്ളിൽ തന്നെ അടുത്ത ബാറ്റ്സ്മാൻ ക്രീസിൽ എത്തണം എന്ന ICC ക്രിക്കറ്റ്‌ നിയമപ്രകാരമാണ് മാത്യൂസ് പുറത്തായത്.