AFG vs AUS | മാക്സ്‌വെല്ലിന്റെ ‘മാക്സിമം’ കരുത്തിൽ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെ പൊരുതി തോല്പിച്ചു


ഓരോ നിമിഷവും തോല്‍വി മണത്ത ഓസ്ട്രേലിയ ഒടുവില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ ബാറ്റിങ് മികവിൽ അഫ്ഗാനിസ്ഥാനെതിരെ വിജയം സ്വന്തമാക്കി. 128 പന്തില്‍ 201 റൺസെടുത്ത മാക്സ്വെൽ തന്നെയാണ് കളിയിലെ താരം. അഫ്ഗാന്‍ ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ കംഗാരുപ്പടയ്ക്ക് 69 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലബൂഷെയ്ന്‍ എന്നിവരാണ് പുറത്തായത്.

അവസാനം പാറ്റ് കമ്മിൺസിനെ കൂട്ടുപ്പിടിച്ച് മാക്സ്വെൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അഫ്ഗാനിസ്ഥാനോട് തോൽക്കുക എന്ന നാണക്കേടിൽ നിന്ന് ഓസിസ് രക്ഷപ്പെട്ടു. കൈവിട്ടെന്ന് തോന്നിയ നിമിഷത്തിൽ നിന്ന് അക്ഷരാർത്ഥത്തിൽ മാക്സ്വെൽ ഓസ്ട്രേലിയയെ കരകയറ്റി. 46.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ വിജയം നേടിയത്.

ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താന്‍ 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.